28
Apr 2023
Wed
28 Apr 2023 Wed

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്.സി- എസ്.ടി കോടതിയാണ് ശിക്ഷ വിധിക്കുക. കഴിഞ്ഞ ദിവസമാണ് കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചത്. കേസിലെ ആകെയുള്ള 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നരഹത്യ, അനധികൃത സംഘം ചേരൽ, പരുക്കേൽപ്പിക്കൽ, തടഞ്ഞുവെക്കൽ, പട്ടികവർഗ അതിക്രമം എന്നീ വകുപ്പുകൾ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, കോടതി വെറുതെവിട്ട രണ്ട് പ്രതികളെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മാത്രമേ മധുവിനായി നടത്തിയ പോരാട്ടം പൂർണമായെന്ന് പറയാൻ സാധിക്കുവെന്ന് മധുവിന്റെ കുടുംബം പറഞ്ഞു. ഇതിനായി മേൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മധുവിന്റെ കുടുംബവും സമരസമിതിയും. കേസിലെ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ തുടങ്ങിയവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.