ലഖ്നൗ: മുൻ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെ വെടിവച്ചു കൊന്ന പ്രതികളെ തള്ളിപ്പറഞ്ഞ് ബന്ധുക്കൾ. ഒരു പണിക്കും പോകാത്തവരാണ് ഇവരെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. മാത്രമല്ല, ലഹരിക്ക് അടിമകളുമാണ്. ഇവർക്ക് കുടുംബവുമായി കാര്യമായ ബന്ധമില്ല. ഇവർ മുൻപും വിവിധ കേസുകൾ ഉൾപ്പെട്ടിരുന്നതായും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.
|
പ്രതികളിൽ ഒരാളായ ലവ്ലേഷ് തിവാരി എന്നയാൾ മയക്കുമരുന്നുകൾക്ക് അടിമയും തൊഴിൽ രഹിതനുമാണെന്ന് അയാളുടെ പിതാവ് യഗ്യ തിവാരി പറഞ്ഞു. സണ്ണി സിങ് എന്ന രണ്ടാമൻ 17 കേസുകളിൽ പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് വർഷം മുമ്പ് ജയിൽശിക്ഷ അനുഭവിച്ചിരുന്നു. അരുൺ മൗര്യയെന്ന മൂന്നാമനാകട്ടെ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് 11-ാം വയസിൽ നാടുവിട്ട് പോയതാണെന്നും പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.
”എന്റെ സഹോദരനെതിരെ മുൻപും കേസുകളുണ്ടായിട്ടുണ്ട്. അയാൾ ഒരു പണിക്കും പോകുന്നില്ല. ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ അവൻ ഉൾപ്പെട്ട വിവരം ഞാൻ അറിഞ്ഞിരുന്നില്ല” സണ്ണി സിങ്ങിന്റെ സഹോദരൻ പിന്റു സിങ് പറഞ്ഞു. പിതാവ് മരിച്ചതിനു പിന്നാലെ സണ്ണി തന്റെ ഓഹരി വാങ്ങി അതു വിറ്റ് നാടുവിട്ടതാണെന്നും പിന്റു പറഞ്ഞു. അഞ്ച് വർഷമായി സണ്ണി വീട്ടിൽ വന്നിട്ടില്ലെന്നും കുടുംബം വെളിപ്പെടുത്തി. സണ്ണി സിങ്ങിനെതിരെ 14 കേസുകൾ നിലവിലുണ്ട്.
ഈ സംഭവം ഞങ്ങൾ ടിവിയിൽ കണ്ടിരുന്നു. അവൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു തന്നെ അറിയില്ല. ഞങ്ങൾക്ക് അവനുമായി യാതൊരു ബന്ധവുമില്ല. അവൻ വളരെക്കാലമായി ഞങ്ങൾക്കൊപ്പമില്ല. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നുമില്ല. ഞങ്ങളോട് ഒരു കാര്യവും പറയാറുമില്ല. അവൻ ഒരു ജോലിക്കും പോകുന്നില്ല. ലഹരിക്ക് അടിമയുമാണ്- ലവ്ലേഷ് തിവാരിയുടെ പിതാവ് പറഞ്ഞു.
കൊലപാകത്തിന് 48 മണിക്കൂർ മുൻപ് മാത്രം പ്രയാഗ്രാജിലെത്തിയ മൂവർ സംഘം, അവിടെ ഒരു ഹോട്ടലിലായിരുന്നു താമസം. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികളെന്ന നിലയിൽ കൂടുതൽ കുപ്രസിദ്ധി നേടുന്നതിനാണു കൊല നടത്തിയതെന്നാണ് ഇവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പൊലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
ജയിൽശിക്ഷ അനുഭവിക്കുന്ന ആതിഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും പൊലീസ് അകമ്പടിയോടെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്, മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവച്ചു കൊന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവർക്കും നേരെ മൂന്നംഗ അക്രമി സംഘമാണ് വെടിയുതിർത്തത്. മാധ്യമപ്രവർത്തകരുടെയും പൊലീസിൻറെയും മുന്നിൽവച്ചായിരുന്നു അരുംകൊല. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ആതിഖ്. വെടിയുതിർത്ത മൂന്നുപേരും തൊട്ടുപിന്നാലെ കീഴടങ്ങിയിരുന്നു.





