21
Apr 2023
Mon
21 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റായ ഹയ്യ കാര്‍ഡ് തൊഴില്‍ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അല്‍ കുവാരി. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമിത തുക ഈടാക്കുകയും തൊഴില്‍ വിസയ്ക്ക് പകരം ഹയ്യ കാര്‍ഡ് നല്‍കി പറ്റിക്കുകയും ചെയ്യുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹയ്യ കാര്‍ഡ് തൊഴില്‍ വിസയാക്കി മാറ്റാനാകുമെന്ന് ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഖത്തര്‍ 2022 ഫിഫ ലോകകപ്പിനായി രാജ്യത്തേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി പെര്‍മിറ്റായിരുന്നു ഹയ്യ കാര്‍ഡ്. ഹയ്യ കാര്‍ഡുകളുടെ കാലാവധി 2023 ജനുവരി 23 വരെ ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 ഖത്തറില്‍ പ്രവേശനാനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഹയ്യ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനാവും. ഖത്തറിലേക്കുള്ള പ്രവേശനത്തിനും മടക്കയാത്രക്കും ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാനും ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം ഖത്തറില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹയ്യ പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഏക പോര്‍ട്ടലായി ഹയ്യ പ്ലാറ്റ്ഫോം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.