30
Apr 2023
Wed
30 Apr 2023 Wed

ന്യൂഡൽഹി: അടുത്തവർഷം ലോക്‌സഭയിലേക്കും ഈ വർഷംവിവിധ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരിക്കലൂടെ ഏകസിവിൽകോഡ് വിഷയത്തിൽ തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വ്യക്തിനിയമം ഏകീകരിക്കുന്നത് സംബന്ധിച്ചും അതിന്റെ നടപടിക്രമങ്ങൾ നീക്കുന്നതിന്റെയും സാധ്യതകൾ ഇന്നലെ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിശോധിച്ചു. നിയമനിർമാണം സംബന്ധിച്ച് അമിത് ഷായും നിയമമന്ത്രി കിരൺ റിജിജുവും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗം ചർച്ചചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടൊപ്പം ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ, ആർ.എസ്.എസ് നേതാവ് അരുൺകുമാർ എന്നിവരുമായും വിഷയം അമിത്ഷാ ചർച്ചചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് ഒരൊറ്റ സിവിൽ നിയമം എന്നത് ബി.ജെ.പിയുടെ എക്കാലത്തെയും അജണ്ടയാണ്. നേരത്തെ ഈ വിഷയം കേന്ദ്രസർക്കാർ ദേശീയ നിയമകമ്മീഷന് വിട്ടിരുന്നു. വിഷയം സുപ്രിംകോടതി മുമ്പാകെ എത്തിയപ്പോൾ, പാർലമെന്റിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി വിഷയം കേന്ദ്രസർക്കാരിലേക്ക് തന്നെ കൈമാറുകയായിരുന്നു. കോടതി ഉത്തരവിലൂടെ നടപ്പാക്കാതെ പാർലമെന്റിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കാനാണ് ആലോചിക്കുന്നതെന്നായിരുന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.

അധികാരത്തിലെത്തിയാൽ ഏകസിവിൽകോഡ് നടപ്പാക്കുമെന്ന് 2014 ൽ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതേ പ്രഖ്യാപനം 2019ലും ബി.ജെ.പി നടത്തുകയുണ്ടായി. എന്നാൽ, രണ്ടാംമോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഇനി ഒരുവർഷം മാത്രം ശേഷിക്കെയാണ് ഒരിക്കലൂടെ ബി.ജെ.പി വിഷയം സജീവ ചർച്ചയിലേക്കിടുന്നത്. വ്യക്തിനിയമം ഏകീകരിക്കുകയാണെങ്കിൽ വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്ക്ക് മതാടിസ്ഥാനത്തിലുള്ള നിയമങ്ങൾക്ക് പകരം ഒറ്റ നിയമമാകും.

കർണാടക അടുത്തമാസം വോട്ടെടുപ്പ് നടക്കുകയാണ്. കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ വലിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. നേരത്തെ ഉത്തരാഖണ്ഡ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലും ഏകസിവിൽകോഡ് നടപ്പാക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു.

2014 മുതൽ ബി.ജെ.പി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയമാണ് ഏകീകൃത സിവിൽ കോഡ്.എന്നാൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് കിരൺ റിജിജു ഫെബ്രുവരിയിൽ വ്യക്തമാക്കിയരുന്നു.