കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും അദ്ദേഹവുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തിങ്കളാഴ്ച കൊച്ചിയിലെത്തിയ മോദിയെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ച ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. മോദി നല്‍കിയ ഉപദേശം ഒരിക്കലും മറക്കില്ലെന്നും എല്ലാം പ്രാവര്‍ത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
|
തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍നിന്നുള്ള ഏറ്റവും മികച്ച കുറിപ്പാണ് ഇത് എന്ന ആമുഖത്തോടെയാണ് ഉണ്ണി മുകുന്ദന്‍ തുടങ്ങിയത്. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍: ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് ഇതാണ്. നന്ദി സര്‍, നിങ്ങളെ 14 വയസ്സുള്ളപ്പോള്‍ ദൂരെ കാണുകയും ഒടുവില്‍ നിങ്ങളെ കണ്ടുമുട്ടുകയും ചെയ്തതിന്റെ സന്തോഷത്തില്‍നിന്നും അമ്പരപ്പില്‍നിന്നും ഞാന്‍ ഇതുവരെ മുക്തനായിട്ടി്ല. വേദിയിലെ നിങ്ങളുടെ ‘കേം ചോ ഭൈല’ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. എനിക്ക് നിങ്ങളെ കാണണം, ഗുജറാത്തിയില്‍ സംസാരിക്കണം എന്നത് ഒരു വലിയ സ്വപ്‌നമായിരുന്നു. ഇന്നത് ഇത് പൂര്‍ത്തിയായി. ഇതൊരു മികച്ച വഴിയായിരുന്നു. നിങ്ങളുടെ സമയത്തിന്റെ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ്. നിങ്ങള്‍ എന്നോട് പറഞ്ഞ ഒരു വാക്ക് ഞാന്‍ ഒരിക്കലും മറക്കില്ല… എല്ലാ ഉപദേശങ്ങളും പ്രാവര്‍ത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യും-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.


