22
Apr 2023
Thu
22 Apr 2023 Thu

ജിദ്ദ: സംഘർഷം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഓപറേഷൻ കാവേരിക്ക് സൗദി അറേബ്യൻ ഗവൺമെന്റ് നിർലോഭമായ സഹായവും പിന്തുണയുമാണ് നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൗദി ഭരണകൂടവും ഉദ്യോഗസ്ഥരും നൽകിയ പിന്തുണ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഡാനിലെ 3400 ഓളം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്‌. 1100 പേരെ ഇതോടകം ജിദ്ദയിൽ എത്തിച്ചു. ഇതിൽ 600 പേർ നാട്ടിലേക്ക് മടങ്ങി.സംഘർഷത്തിന്റെ കേന്ദ്രമായ ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കും അവിടെനിന്ന് ജിദ്ദയിലെത്തിച്ച് ദൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്കുമാണ് ഇന്ത്യക്കാരെ അയക്കുന്നത്. ഇങ്ങിനെ നാലുഘട്ടങ്ങളിലായാണ് ഓപ്പറേഷൻ കാവേരി പൂർത്തിയാക്കുക.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഇന്ത്യൻ സൈനിക വിമാനങ്ങൾ ലാന്റ് ചെയ്തിരിക്കുന്നത്. ഇവിടെനിന്നാണ് പോർട്ട് സുഡാനിലേക്ക് സർവീസ് നടത്തി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. തുറമുഖം വഴിയും ഇന്ത്യക്കാരെ കൊണ്ടുവരുന്നുണ്ട്. എല്ലാറ്റിനും സൗദി സർക്കാർ നൽകുന്ന സഹകരണം ഏറെ വലുതാണ്. ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനങ്ങൾ ഓപ്പറേഷൻ കാവേരിക്ക് കൂടെയുണ്ടെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു