|
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ മൊഴി പുറത്ത്. രണ്ട് മുതിർന്ന താരങ്ങൾ നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജ് ഭൂഷൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ഉൾപ്പെടെയുള്ള മൊഴികളാണ് പുറത്തായത്. എട്ട് തവണ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായും താരങ്ങൾ നൽകിയ മൊഴിയിൽ പറയുന്നു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന എത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നും മൊഴിയിലുണ്ട്.
ഫെഡറേഷൻ ഓഫീസ്, പരിശീലന കേന്ദ്രം, വിവിധ ടൂർണമെന്റ് നടന്ന വേദികൾ, ഹോട്ടൽ എന്നിവിടങ്ങളിൽ വച്ചെല്ലാം അതിക്രമം നേരിടേണ്ടി വന്നു. ബ്രിജ് ഭൂഷനെതിരെ ഏഴ് ഗുസ്തി താരങ്ങളാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ ഒരു താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. പരാതിക്ക് പിന്നാലെ ഏഴ് താരങ്ങളുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിൽ രണ്ട് പേരുടെ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മൊഴി പുറത്തു വന്നെങ്കിലും ബ്രിജ് ഭൂഷനെതിരെ ഇപ്പോഴും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടില്ല. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ നടപടികൾ നീളുകയാണ്. മജിസ്ട്രേറ്റിന് മുൻപാകെ ഗുസ്തി താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്താത്ത കാര്യം കഴിഞ്ഞ ദിവസം താരങ്ങൾ സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരുന്നു. മജിസ്ട്രേറ്റിന്റെ സമയം തേടിയിട്ടുണ്ടെന്നാണ് ഇക്കാര്യത്തിൽ പൊലീസ് നൽകിയ മറുപടി.


