സ്റ്റെര്‍ലൈറ്റ് കമ്പനി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന വൈദ്യുതി പ്രസാരണ പദ്ധതിയായ ഉഡുപ്പി-കാസറഗോഡ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡി(യു.കെ.റ്റി.എല്‍)നെതിരേ കര്‍ഷകരക്ഷാ സമിതി നടത്തുന്ന പ്രക്ഷോഭം ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്ത്തീര്‍പ്പാക്കണമെന്ന് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ യൂനിറ്റ് ആവശ്യപ്പെട്ടു.
|
കാസറഗോഡിന്റെ മലയോര മേഖലയിലൂടെ 46 കിലോമീറ്റര്‍ ചീമേനിവരെയുള്ള ജനങ്ങളാണ് പദ്ധതിയുടെ ഇരകള്‍. നിലവില്‍ കരിന്തളം വരെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ചീമേനി മുതല്‍ വയനാട് വരെ നടപ്പാക്കുന്ന കാസറഗോഡ് – വയനാട് പവര്‍ ഹൈവെ യു.കെ.റ്റി.എല്ലിന്റെ തുടര്‍ച്ചയാണ്.
400 കുടുംബങ്ങളുടെ കിടപ്പാടവും വരുമാന മാര്‍ഗമായ കൃഷിയും ഇല്ലാതാക്കിയാണ് പദ്ധതി കടന്നുപോവുന്നത്. തുച്ഛമായ തുക നല്‍കിയും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തവരെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.
യുകെടിഎല്‍ പദ്ധതി ബാധിതര്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുക, നഷ്ടപ്പെടുന്ന കിടപ്പാടവും തൊഴിലും ഉറപ്പാക്കി പുനരധിവസിപ്പിക്കുക,പൊലീസിനെ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധമായി ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ സമര സംഘടനയായ കര്‍ഷകരക്ഷാ സമിതി സമരം ചെയ്യുന്നത്. വളരെ ന്യായമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരം ചെയ്യുന്ന കര്‍ഷകരക്ഷാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് എസ്.യു.സി.ഐ(സി) കാസറഗോഡ് ജില്ലാ യൂനിറ്റ് കണ്‍വീനര്‍ കെ.പി.സജി പറഞ്ഞു.
ആവശ്യങ്ങള്‍ അടിയന്തരമായി അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കണമെന്ന് സര്‍ക്കാരിനോടും സമരത്തെ പിന്തുണയ്ക്കണമെന്ന് ജനങ്ങളോടും അടിയന്തരമായി സമരസഹായ സമിതി രൂപീകരിക്കണമെന്ന് കര്‍ഷകരക്ഷാ സമിതിയോടും എസ്.യു.സി.ഐ(സി) ജില്ലാ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍.കെ.ശശികുമാര്‍, മാനവ്.ജെ എന്നിവര്‍ സംസാരിച്ചു.


