ന്യൂഡൽഹി: എ.എ.പി ഭരിക്കുന്ന ഡൽഹി സർക്കാരും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആശ്വാസമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഡൽഹിയുടെ പരമാധികാരം സംസ്ഥാനത്തിനാണെന്നും പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നും സുപ്രീം കോടതി വിധിച്ചു. ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് അരവിന്ദ് കേജ്‌രിവാൾ സർക്കാരും ലഫ്റ്റ്‌നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി.
|
ഡൽഹി നിയമസഭയുടെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും നിയമനിർമ്മാണ അധികാരങ്ങളിൽ ഇടപെടാൻ ലെഫ്റ്റനന്റ് ഗവർണറുടെ അധികാരങ്ങൾ അദ്ദേഹത്തെ പ്രാപ്തനാക്കുന്നില്ലെന്നും അഞ്ചംഗ ബെഞ്ച് വിധിച്ചു.
ഡൽഹിയിലെ ഭരണം മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമാണെന്നും ഡൽഹി സർക്കാരിന്റെ ഉപദേശം സ്വീകരിക്കാൻ ലഫ്റ്റനന്റ് ഗവർണർ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി പറഞ്ഞു. എല്ലാ സേവനങ്ങളിലും ഡൽഹി സർക്കാരിന് അധികാരമില്ലെന്ന ജസ്റ്റിസ് ഭൂഷന്റെ വിധിയോട് യോജിക്കുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ‘പാർലമെന്റിലെ നിയമത്തിന്റെ അഭാവത്തിൽ, ഡൽഹി ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ട്’ സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ഡൽഹിക്കും കേന്ദ്രത്തിനും അവരുടേതായ അധികാരമുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രകടനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തി.
ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ലും സുപ്രീം കോടതി വിധിച്ചിരുന്നു. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണ്, അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.





