02
May 2023
Sat
02 May 2023 Sat

ന്യൂഡൽഹി: ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗമായ കുക്കികളെ ലക്ഷ്യംവച്ച് ഈ മാസമാദ്യം മണിപ്പൂരിലുണ്ടായ കലാപത്തിന് പിന്നാലെ വിഘടനവാദ ആശയവുമായി സംസ്ഥാനത്തെ എം.എൽ.എമാർ. കുക്കി, നാഗ വംശജരായ മണിപൂർ നിയമസഭയിലെ 10 സാമാജികരാണ് മണിപ്പൂരിൽ സ്വയംഭരണാവകാശം ഒരുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. മണിപൂർ നിയമസഭയിലെ 60 അംഗങ്ങളിൽ 40 പേർ മെയ്‌തെയ് വിഭാഗക്കാരും 20 പേർ ഗോത്ര വിഭാഗത്തിൽപ്പെട്ടവരുമാണ്. ഇവരിലെ 10 പേരാണ് സ്വയംഭരണാവകാശവുമായി രംഗത്തെത്തിയത്. ഇവരിൽ അഞ്ചുപേർ ബി.ജെ.പി എം.എൽ.എമാരും രണ്ടുപേർ ജെ.ഡി.യു എം.എൽ.എമാരുമാണ്. ഒരാൾ സ്വതന്ത്രനാണ്. രണ്ടുപേർ കെ.പി.എയുടെ നേതാക്കളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലാപം തികച്ചും ഏകപക്ഷീയമായിരുന്നുവെന്നും, തങ്ങളുടെ വർഗക്കാരെ സർക്കാർ സഹായത്തോടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇവർ പറയുന്നു. മെയ്‌തെയ് വിഭാഗക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും പൊലിസും മറ്റ് ഭരണ സംവിധാനങ്ങളും കുക്കി വംശജർക്കെതിരായി നിന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരത്തിലധികം വീടുകൾ പൂർണമായും തീയിട്ടു നശിപ്പിച്ചു. അനേകം ക്രിസ്ത്യൻ പള്ളികൾ ആക്രമണത്തിനിരയാക്കി. നിരവധി പേർക്ക് പരുക്കേറ്റു. സർക്കാർ നിയന്ത്രണത്തിൽ നടന്ന കലാപത്തിന്റെ കണക്കുകൾ വിവരണാതീതമാണെന്നും ഇവർ പറയുന്നു. ഇപ്പോഴത്തെ ഭരണം ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. ഉയരങ്ങളിലും, താഴ്് വാരങ്ങളിലും കഴിയുന്ന കുക്കികൾ ഭയത്തോടെയാണ് കഴിയുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് തങ്ങൾ കുക്കികൾക്ക് മാത്രമായിട്ടുള്ള സ്വയംഭരണ സംവിധാനം ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഈ ആവശ്യവുമായി രംഗത്തെത്തുമെന്നും അവർ പറയുന്നു.

മണിപൂരിന്റെയും നാഗാലാന്റ്, അസം, മ്യാൻമാർ മലനിരകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ചേർത്ത് ട്രൈബൽ ലാന്റ് എന്ന ഗോത്രവർഗക്കാരുടെ ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഈ വിഘടനവാദ നീക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഇതിന്റെ മറവിൽ നിരവധി സംഘടനകൾ ഇവിടങ്ങളിൽ രൂപം കൊണ്ടിരുന്നു. കുക്കി, നാഗാ വംശജരെ മുൻനിർത്തി ഈ മേഖലകളിൽ അടുത്ത കാലം വരെ സംഘർഷങ്ങൾ പതിവായിരുന്നു.

മണിപ്പുരിൽ ഇപ്പോൾ നടന്ന കലാപത്തിന്റെ തീ ആളിക്കത്തുകയല്ലാതെ ശമിച്ചില്ലാതാവാനുള്ള സാധ്യത കുറവാണ്. ഗോത്രവർഗക്കാരായ ജനപ്രതിനിധികളുടെ പുതിയ നീക്കം മണിപൂരിൽ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.