തൃശൂർ: സഹായത്തിനായി വിളിച്ച സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച യുവാവിന് 13 വർഷം കഠിന തടവ്. പടിഞ്ഞാറെ ചാലക്കുടി നടുവത്തേടത്ത് സജി (30)ക്കാണ് ചാലക്കുടി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
|
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിനെതിരെ പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി മടങ്ങാൻ പണമില്ലാതെ ഭർതൃസുഹൃത്തിനെ വിളിച്ചതിനു പിന്നാലെയായിരുന്നു പീഡനം. കാറുമായെത്തിയ യുവാവ് യുവതിയെ ആളില്ലാത്ത വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരിചയം മുതലെടുത്ത് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയും ഭർത്താവും നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഒരു ദിവസം വാക്കുതർക്കത്തെത്തുടർന്ന് യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയ ശേഷം തിരിച്ചു പോകാൻ വണ്ടിക്കൂലി കെെയിലില്ലാതെ വിഷമിച്ച സമയത്താണ് സഹായത്തിനായി ഭർത്താവിന്റെ അടുത്ത സുഹൃത്തായ സജിയെ വിളിക്കുന്നത്. ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതോടെ സജി കാറുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് സജി യുവതിയുമായി യാത്ര തിരിച്ചു. സജിയുടെ പരിചയത്തിലുള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ യുവതിയെ എത്തിച്ചശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അവിടെവച്ച് യുവതിയുടെ നഗ്നചിത്രങ്ങളും സജി പകർത്തിയിരുന്നു. നഗ്നചിത്രങ്ങൾ സജിയുടെ കൈയിലുള്ളതിാൽ യുവതി ഇക്കാര്യം മറ്റാരെയും അറിയിച്ചിരുന്നില്ല.
ഈ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സജി മറ്റൊരു ദിവസവും യുവതിയെ കാറിൽക്കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറി. അന്നും പ്രതി യുവതിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ച് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രോസിക്യൂഷനായി അഡ്വ. ബാബുരാജാണ് കോടതിയിൽ ഹാജരായത്. യുവതിയുടെ നിസഹായാവസ്ഥ മുതലെടുത്ത് ലൈംഗിക പീഡനം നടത്തിയ പ്രതി കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.





