പാലക്കാട്: ബാഗിനുള്ളില്‍ ഹോട്ടല്‍ വ്യാപാരി സിദ്ധീഖിന്റെ മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീര്‍ണിച്ച മുഖവും കണ്ട് പൊട്ടിക്കരഞ്ഞ് മക്കളായ സുഹൈലും ഷിയാസും. ബാഗിലേക്ക് ഒരു നോക്ക്, പിന്നെ കണ്ണുകളടച്ച് സഹോദരീ ഭര്‍ത്താവ് ഫിറോസിന്റെ ചുമലിലേക്ക് ചായുകയാണ് സുഹൈല്‍ചെയ്തത്. സിദ്ധീഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പൊലീസിനും ബന്ധുക്കള്‍ക്കുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകള്‍ അഗ്‌നിരക്ഷാസേന പുറത്തെടുത്തപ്പോള്‍ തിരിച്ചറിയാന്‍ പൊലീസ് ഇവരെ വിളിപ്പിച്ചിരുന്നു.
|
കോഴിക്കോട് ‘ചിക് ബേക്’ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട യാത്രകള്‍ക്കായി ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കാറുള്ളതിനാല്‍ സിദ്ധീഖിനെ കാണാതായിട്ടും ആദ്യം ആര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് സിദ്ധീഖിന്റെ മകളുടെ ഭര്‍ത്താവ് ഫിറോസ് പറഞ്ഞു.
ഹോട്ടലില്‍ പതിവായി കോഴിയെ നല്‍കുന്നവരടക്കം വിളിക്കാന്‍ തുടങ്ങി, അങ്ങനെയാണ് ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. 13 കൊല്ലം മുമ്പാണ് ഗള്‍ഫില്‍നിന്ന് സിദ്ദിഖ് തിരിച്ചെത്തിയത്. പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.





