|
കൊല്ലം: മുപ്പതു വര്‍ഷം ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസില്‍ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയന്‍കീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസിലാണ് ജൂവലറി ജീവനക്കാരന്‍ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55) എസ്എച്ച്ഒ ബിജു അറസ്റ്റ് ചെയ്തത്. പണച്ചാക്കില്‍ ഉപയോഗ യോഗ്യമായ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകള്‍ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.
സുകുമാരന്‍ തനിക്ക് കിട്ടുന്ന പണം മുഴുവന്‍ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കുകൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയില്‍ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. സുകുമാരന്റെ കൈവശമുള്ള ചില്ലറകള്‍ ലോട്ടറിക്കച്ചവടക്കാര്‍ വന്ന് വാങ്ങും. 500, 100 രൂപകള്‍ക്കുള്ള ചില്ലറകളാണ് സുകുമാരന്‍ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകള്‍ സ്വരൂപിച്ച് കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതില്‍ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.
ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് പണച്ചാക്ക് നഷ്ടമായത്. നാലു മണിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്ത് ചാക്ക് മോഷ്ടിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ കരുനാഗപ്പള്ളി എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ഷമീര്‍, ഷാജിമോന്‍, എസ് സിപിഒ രാജീവ്, സിപിഒ ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ജൂവലറിയിലെ സെക്യൂരിറ്റി മണിലാലിനെ കണ്ടെത്തിയത്. മണിലാല്‍ നിരവധി തവണ കുറ്റം നിഷേധിച്ചിരുന്നു.
മണിലാല്‍ അന്നേ ദിവസം പുലര്‍ച്ചെ അഞ്ചിനും 5.30 നും ഇടയ്ക്ക് ഭിക്ഷാടകന്‍ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടര്‍ന്ന് മണിലാലിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ച ഇയാള്‍ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞു.





