|
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 237 ആയി. 900 പേർക്കാണ് പരിക്കേറ്റത്. കോറൊമൻഡൽ എക്‌സ്പ്രസ് ചരക്കു ട്രെയിനുമായും യശ്വന്ത്പൂർ ഹൗറ എക്‌സ്പ്രസുമായും കൂട്ടിയിടിച്ചാണ് അപകടം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ഇന്നലെ വൈകീട്ട് 7.20ന് ബാലസോറിലെ ബഹനഗ ബസാർ സ്റ്റേഷനിൽ ആണ് അപകടം. ചെന്നൈ സെൻട്രലിൽനിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന 12841 നമ്പർ കോറൊമൻഡൽ എക്‌സ്പ്രസ് ആദ്യം സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറൊമൻഡൽ എക്‌സ്പ്രസിന്റെ നാലുബോഗികൾ പാളംതെറ്റി. ഇതിനിടെ അതുവഴി വന്ന യശ്വന്ത്പൂർ – ഹൗറ എക്‌സ്പ്രസ് ഇവയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. രണ്ടാമത്തെ അപകടത്തിൽ യശ്വന്ത്പൂർ – ഹൗറ എക്‌സ്പ്രസിന്റെ 11 ബോഗികളും പാളംതെറ്റി. ചില ബോഗികൾ ട്രെയിനിൽനിന്ന് വേർപ്പെട്ട് മറിയുകയുംചെയ്തു.
ബോഗിക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ദേശീയ ദ്രുതകർമസേനയും റെയിൽവെ അധികൃതരും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതുവരെ മുന്നൂറോളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റെയിൽവേയുടെ ഔദ്യോഗിക കണക്ക്. അപകടത്തിൽപ്പെട്ടവരിൽ കൂടുതലും പശ്ചിമബംഗാൾ സ്വദേശികളാണ്.





