ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. ഇരുവിഭാഗങ്ങൾ തമ്മിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് സംഭവം. മണിപ്പൂരിൽ ക്യാമ്പു ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചർച്ചകൽ തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎൽഎമാരുമായി അമിത് ഷാ ഇന്നു ചർച്ച നടത്താനിരിക്കെയാണ് പുതിയ സംഘർഷം. സംഘർഷസ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
|
അതേസമയം കൂടുതൽ ജില്ലകളിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് എംഎൽഎയുടേത് അടക്കം 200 ഓളം വീടുകൾ അക്രമികൾ തീവെച്ചതിനെത്തുടർന്ന് സുംഗുവിലും സംഘർഷമുണ്ടായിരുന്നു. മെയ് നാലിനാണ് മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ വൻ കലാപമായി മാറിയത്. സംഘർഷത്തിൽ 80 പേർ മരിച്ചെന്നാണ് സർക്കാരിന്റെ കണക്ക്.





