തിരുവനന്തപുരം: വ്യാജ വാർത്തകളുടെ പേരിൽ വിവിധ നിയമ നടപടികൾ നേരിടുന്ന മറുനാടൻ മലയാളിക്കെതിരായ നീക്കം കടുപ്പിച്ച് നിലമ്പൂരിലെ ഇടത് എംഎൽഎ പി.വി അൻവർ. മറുനാടൻ മലയാളി നൽകിയ തെറ്റായ വാർത്തകൾ കാരണം ഏതെങ്കിലും വിധത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നിയമസഹായം നൽകുമെന്ന് പി.വി അൻവർ അറിയിച്ചു.
|
ഓൺലൈൻ പോർട്ടലിനെതിരേ ഏതാനും ദിവസങ്ങളായി അൻവർ നീക്കം തുടങ്ങിയിട്ട്. ഇതിനിടെ പോർട്ടലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. പിന്നീട് തുടങ്ങിയ താൽക്കാലിക പേജിന്റെ നിയന്ത്രണവും പോർട്ടലിന് നഷ്ടമായി. ഇതിനിടെയാണ് അൻവറിന്റെ പുതിയ നീക്കം. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്.
അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘മറുനാടൻ മലയാളി’എന്ന മഞ്ഞപത്രം ജീവിതം തകർത്ത നിരവധി സാധാരണക്കാരുണ്ട്.നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നവരുണ്ട്.അതിന് പോലും കഴിയാത്ത ആളുകളുണ്ട്.അവരോടൊക്കെ ചിലത് പറയാനുണ്ട്.
ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട് വരണം..
നിയമനടപടികൾ സ്വീകരിച്ചിട്ടില്ല എങ്കിൽ അതിന് തയ്യാറാവണം.അവർക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും,സംരക്ഷണവും നമ്മളൊരുക്കും.കൂട്ടായ ഒരു പ്രവർത്തനം ഇക്കാര്യത്തിൽ ഉണ്ടാവണം.അങ്ങനെ തയ്യാറായി വരുന്ന ഓരോരുത്തരേയും എന്ത് വിലകൊടുത്തും നമ്മൾ സംരക്ഷിക്കും.
നിലവിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്..
നിങ്ങളുടെ പരാതികളുടെ നിലവിലെ വിവരങ്ങൾ ഞങ്ങളെ അറിയിക്കണം.കേസ് നടക്കുന്നുണ്ടെങ്കിൽ,അതിന്റെ വിവരങ്ങൾ ലഭ്യമാക്കണം.
ഈ വിഷയത്തിൽ,കൃത്യമായ ഒരു കോർഡിനേഷൻ വരും ദിവസങ്ങളിൽ നമ്മൾ നടത്തും.അതിനായി അഭിഭാഷകർ ഉൾപ്പെടുന്ന ഒരു ടീമിനെയും തയ്യാറാക്കും.ഇതിനായി ബന്ധപ്പെടാനുള്ള കോണ്ടാക്ട് ഡീറ്റെയിൽസ് ഉടനെ തന്നെ പ്രസിദ്ധീകരിക്കും.
നിയമപരമായി തന്നെ മുൻപോട്ട് പോകും.അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടിയാധാരമടക്കം,കൃത്യമായി തന്നെ കൈയ്യിൽ കിട്ടിയിട്ടുണ്ട്.ഒടുക്കം കണ്ടിട്ട് തന്നെയേ പിന്മാറൂ.അതിന്റെ പേരിൽ എന്ത് വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കും.ഇനി ഒരു നിരപരാധിയുടെ ജീവിതവും വച്ച് ഇവനൊന്നും പന്തുകളിക്കരുത്.
ധൈര്യമായി ഇരകളായവർ മുൻപോട്ട് വരിക..
നിങ്ങൾ ഒറ്റയ്ക്കല്ല..
നന്മയുള്ള ഒരു സമൂഹം,ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പമുണ്ട്..??





