30
Jun 2023
Mon
30 Jun 2023 Mon

കൊച്ചി: കടം വാങ്ങിയ 2,000 രൂപ ചോദിച്ച ടൈൽ പണിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ സുനി (34) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടൈൽ പണിക്കാരനായ യുവാവ് ഫ്‌ലാറ്റിൽ ജോലിക്കിടെയാണ് ഫ്‌ലാറ്റിലെ ജോലിക്കാരിയായ മനീഷയെ പരിചയപ്പെട്ടത്. പിന്നീട് മനീഷ യുവാവിൽ നിന്നും 2000 രൂപ കടമായി വാങ്ങുകയും ചെയ്തു. തുടർന്ന് മനീഷ യുവാവിനോട് എറണാകുളം നോർത്തിലുള്ള ലിവ് റീജൻസിയിൽ മുറിയെടുക്കുവാൻ ആവശ്യപ്പെട്ടു.

ശേഷം യുവാവ് ഹോട്ടലിൽ മുറിയെടുത്തു. മനീഷയെ കാത്തിരിക്കവെ മനീഷയുടെ സുഹൃത്തായ സുനിയുമൊന്നിച്ച് ഹോട്ടലിൽ എത്തി. സുനിയെ മുറിക്കു പുറത്തു നിറുത്തി മനീഷ റൂമിൽ കയറി വാതിലടച്ചു. അൽപ്പ സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുകയും സുനി അകത്തു കയറി യുവാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. കയ്യിലുള്ള ഇടിവള കൊണ്ട് മുഖത്തിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചു പറിക്കുകയുമായിരുന്നു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവാവിനെതിരെ ആക്രമണം.

ബഹളം കേട്ട് ഹോട്ടൽ റിസപ്ഷനിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇവരെ പിടിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് യുവാവ് അവിടെ നിന്നും ഓടിപ്പോവുകയും രാത്രി എട്ട് മണിയോടെ മഞ്ഞുമ്മൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. എന്നാൽ മനീഷ യുവാവിനെ ഫോൺ വിളിച്ച് പ്രശ്‌നം ഒത്തു തീർപ്പാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തുകയും, തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ശേഷം നടത്തിയ അന്വേഷണത്തിലാണ് മനീഷയേയും സുനിയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മാല വിറ്റു കിട്ടിയ പണവും പോലീസ് കണ്ടെടുത്തു.