ചെന്നൈ: ഒന്നിച്ച് ജീവിക്കാൻ തടസ്സമാകുമെന്ന ഭയത്തിൽ ചെന്നൈയിൽ രണ്ടര വയസുകാരനെ അമ്മയും കാമുകനും ചേർന്ന് അടിച്ചു കൊലപ്പെടുത്തി. മാങ്കാട് സ്വദേശി ലാവണ്യയും കാമുകൻ മണികണ്ഠനും ചേർന്നാണ് ലാവണ്യയുടെ മകൻ സർവേശ്വരനെ അടിച്ചു കൊലപ്പെടുത്തിയത്. ഇരുവരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു. സർവ്വേശ്വരനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയും ചെയ്തു.
|
എന്നാൽ ബൈക്കിൽ നിന്നു വീണുവെന്നായിരുന്നു ലാവണ്യയും മണികണ്ഠനും ആശുപത്രിയിൽ പറഞ്ഞിരുന്നത്. മകന്റെ മരണത്തിൽ സംശയം ഉന്നയിച്ച് പിതാവ് ശെൽവപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കാട് പൊലിസ് കേസെടുത്തത്. ബൈക്കിൽ നിന്ന് താഴെ വീഴുമ്പോൾ ഉണ്ടാകുന്ന മുറിവുകളല്ല കുട്ടിയുടെ ശരീരത്തിൽ ഉള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ ലാവണ്യയെയയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവ് സെൽവപ്രകാശുമായി പിണങ്ങി കഴിഞ്ഞിരുന്ന ലാവണ്യ, മണികണ്ഠനുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിന് മകൻ തടസമായതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും സമ്മതിച്ചതായി പൊലിസ് പറഞ്ഞു.





