മെസ്സിക്കൊപ്പം കളിക്കാന്‍ അര്‍ജന്റീനയുടെ ക്ഷണം; നിരസിച്ച് ഇന്ത്യ, കാരണം ഇതാണ്
|
ന്യൂഡൽഹി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ക്ഷണം നിരസിച്ച് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ. ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീമമായ തുക മുടക്കണമെന്നത് കൊണ്ടാണ് കളി ഇന്ത്യ വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോർട്ട്
ജൂൺ 12നും 20നും ഇടയിൽ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യൻ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അർജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവർ തിരഞ്ഞെടുത്തത്. അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇന്റർനാഷണൽ റിലേഷൻസ് തലവൻ പാബ്ലോ ജാക്വിൻ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ കളത്തിലിറങ്ങാനായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
‘സൗഹൃദമത്സരത്തിനു താൽപര്യം അറിയിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ, അത്രയും വലിയൊരു തുക സംഘടിപ്പിക്കാൻ കഴിയുമായിരുന്നില്ല. അത്തരമൊരു മത്സരം നടക്കണമെങ്കിൽ ശക്തരായൊരു പാർട്ണർ വേണം. വമ്പൻ തുകയാണ് അർജന്റീന ആവശ്യപ്പെട്ടത്. അർജന്റീനയ്ക്ക് വൻ ആരാധകപിന്തുണയുള്ള ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മത്സരത്തിനുള്ള ഫീയായി എതിർടീം നാലു മുതൽ അഞ്ചുവരെ മില്യൻ ഡോളർ(ഏകദേശം 3240 കോടി രൂപ) നൽകേണ്ടിയിരുന്നു. നമ്മുടെ സാമ്പത്തിക സ്ഥിതിയിൽ അതിനു പരിമിതിയുണ്ട്.’- ഷാജി പ്രഭാകരൻ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും ക്ഷണം നിരസിച്ചതോടെയാണ് ആസ്‌ത്രേലിയയും ഇന്തോനേഷ്യയും താൽപര്യം അറിയിച്ചത്. ജൂൺ 15ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ആദ്യ സൗഹൃദമത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് അർജന്റീന ആസ്‌ത്രേലിയയെ തോൽപിച്ചത്. മെസിയും ജെർമാൻ പെസെല്ലയുമാണ് ലക്ഷ്യംകണ്ടത്. ഇന്നലെ രാത്രി ജക്കാർത്തയിൽ നടന്ന രണ്ടാം മത്സരത്തിൽ മെസി ഇറങ്ങിയില്ല. മത്സരത്തിൽ ലോകചാംപ്യന്മാരെ രണ്ടു ഗോളിൽ പിടിച്ചുനിർത്താൻ ദുർബലരായ ഇന്തോനേഷ്യയ്ക്ക് കഴിയുകയുംചെയ്തു.


