01
Jun 2023
Wed
01 Jun 2023 Wed

തലശ്ശേരി: പ്രണയവിവാഹത്തിലെ നവവധു വിവാഹം കഴിഞ്ഞ് രണ്ടാം മാസം ആത്മഹത്യചെയ്ത സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. കഴിഞ്ഞ ജൂൺ 11ന് രാത്രിയിലാണ് ഐടി പ്രൊഫഷണലായ മേഘ ഭർത്താവ് കതിരൂരിലെ മാധവി നിലയത്തിൽ സച്ചിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ ദേഹത്ത് മർദനമേറ്റ മുറിവുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് പരാതിയിൽ ആരോപിച്ചു. കണ്ണൂരിൽ ഭർതൃസഹോദരിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തു രാത്രി മടങ്ങിവന്നപ്പോഴാണ് കുടുംബവഴക്കുണ്ടാകുകയും ഭർത്താവിന്റെ മർദനമേറ്റ മേഘ ആത്മഹത്യ ചെയ്തതുമെന്നാണ് പരാതിയിൽ പറയുന്നത്.

പ്രണയ വിവാഹിതയായതിനു ശേഷം തന്റെ മകൾ ഭർത്താവിന്റെ തടങ്കലിൽ ആയിരുന്നുവെന്നും സംശയരോഗം കാരണം ഇയാൾ അതിക്രൂരമായി മർദിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. മകളുടെ ആദ്യ ശമ്പളം പോലും കയ്യിൽ വെക്കാൻ അനുവദിച്ചില്ല. കോഴിക്കോട് ജോലി സ്ഥലത്തേക്ക് പോകാൻ താനാണ് കാശു കൊടുത്തിരുന്നതെന്നും പിതാവ് ആരോപിക്കുന്നു.

തന്റെ മകളുടെ മൊബൈൽ ഫോൺ നിരീക്ഷിക്കുകയും അതിൽ വിളിച്ചിരുന്ന കൂട്ടുകാരികളെയും സഹപ്രവർത്തകരെയും അസഭ്യവർഷം നടത്തിയിരുന്നതായും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിൽ നിന്ന് കടുത്ത മാനസിക, ശാരീരിക പീഡനമാണ് മകൾക്കു നേരിടേണ്ടി വന്നത്. അയാളുടെ ചില വിവാഹ ബാഹ്യേതര ബന്ധങ്ങൾ ചോദ്യം ചെയ്തതോടെ ദാമ്പത്യബന്ധം വഷളായി തുടങ്ങിയെന്നും പിണറായി പടന്നക്കരയിലെ ടി. മനോഹരൻ മുഖ്യമന്ത്രിക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഭർത്താവ് സച്ചിൻ കതിരൂരിലെ ജിംനേഷ്യത്തിലെ ഇൻസ്ട്രക്ടറായി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ഏപ്രിൽ മാസമാണ് പ്രണയബദ്ധരായിരുന്ന ഇവർ തമ്മിൽ വിവാഹിതരായത്. സച്ചിനുമായുള്ള വിവാഹത്തിന് മേഘയുടെ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം സച്ചിനും മേഘയും കതിരൂർ നാലാം മൈലിലെ വീട്ടിൽ സച്ചിന്റെ അമ്മയോടൊപ്പമായിരുന്നു താമസം. ഇവിടെ വെച്ചാണ് മേഘ ജീവനൊടുക്കിയത്.

വിവാഹസമയത്ത് 50 പവൻ മേഘയ്ക്കു നൽകിയിരുന്നുവെന്നും എന്നാൽ ഇതൊന്നും പിന്നീടുണ്ടായിരുന്നില്ലെന്ന് പിതാവ് പരാതിയിൽ പറയുന്നു. മേഘയുടെ മരണത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും കതിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്.