കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ പോകുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. ഇയാൾ കോഴിക്കോട് നിന്നു കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തത്. സംഭവത്തിനു ശേഷം അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു.
|
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിഖിലിനെ റിമാൻഡ് ചെയ്ത് ഇന്നു കോടതിയിൽ ഹാജരാക്കും.
ചത്തീസ്?ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് ആരോപണം. പിന്നാലെ നിഖിലിനെ സംരക്ഷിക്കാൻ എസ്എഫ്ഐ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയിൽ നിന്നു പുറത്താക്കി. സിപിഎമ്മും ഇയാളെ പുറത്താക്കി.
നിഖിലുമായി അടുപ്പമുള്ള സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗത്തെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് നിഖിൽ ഇയാളുമായി സംസാരിച്ചിരുന്നു.





