പാലക്കാട്: ഗൂഗിള്‍ പേ ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെര്‍പ്പുളശ്ശേരിയില്‍ പെട്രോള്‍ പമ്പില്‍ കൂട്ടയടി. പെട്രോള്‍ അടിച്ച ശേഷം പമ്പ് വിട്ട യുവാക്കള്‍ തിരികെ എത്തി പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പേങ്ങാട്ടിരി സ്വദേശി അഷറഫിനാണു മര്‍ദനമേറ്റത്. അഷറഫിനെ മര്‍ദ്ദിക്കുന്നത് കണ്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയതോടെ ഇത് കൂട്ടയടിയിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷത്തിന് ശേഷം ഇരുവിഭാഗവും ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് ഇരുവിഭാഗത്തെ ആളുകള്‍ക്കുമെതിരെ കേസെടുത്തതായി ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു.
|
ജീവനക്കാരനോട് വാക്തര്ക്കമുണ്ടായ ശേഷം മടങ്ങിപ്പോയ യുവാവ് പിന്നീട് ആളെക്കൂട്ടിയെത്തി ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ഗൂഗിള്‍ പേ വഴി പണം എത്തിയോ എന്ന് പരിശോധിച്ച ശേഷം മടങ്ങാമെന്നു പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.





