30
Jun 2023
Fri
30 Jun 2023 Fri

ചെന്നൈ: തമിഴ്‌നാട്ടിൽ അസാധാരണ നീക്കത്തിലൂടെ ഡിഎംകെ മന്ത്രി വി സെന്തിൽ ബാലാജിയെ ഗവർണർ ആർ എൻരവി മന്ത്രിസഭയിൽനിന്ന് പുറത്താക്കി. പ്രതിഷേധം ശക്തമായതിനു പിന്നാലെ പുറത്താക്കിയ തീരുമാനം ഗവർണർ തന്നെ മരവിപ്പിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാർശയില്ലാതെയാണ് സെന്തിൽ ബാലാജിയെ പുറത്താക്കിയത്. മുഖ്യമന്ത്രി അറിയാതെ ഗവർണർ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് അസാധാരണ സംഭവമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെയാണ് സ്വന്തം നടപടി അദ്ദേഹത്തിന് തിരുത്തേണ്ടിവന്നത്. ഗവർണറുടെ നിയമവിരുദ്ധ നടപടി നിയമപരമായി നേരിടുമെന്ന് സ്റ്റാലിൻ പ്രതികരിച്ചതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്. ഗവർണർ ഇക്കാര്യം മുഖ്യമന്ത്രി സ്റ്റാലിനെ അറിയിച്ചു. അറ്റോർണി ജനറലിനോട് നിയമോപദേശം തേടിയശേഷം തുടർനടപടി എടുക്കുമെന്ന് ഗവർണർ സ്റ്റാലിനെ അറിയിച്ചതായാണ് വിവരം.

ഏഴുവർഷംമുമ്പ് ജയലളിതയുടെ എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്ന കേസിൽ ഈ മാസം 14ന് ഇഡി അറസ്റ്റ് ചെയ്ത ബാലാജി നിലവിൽ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്റെ വിശദീകരണം.

രാത്രി ഏഴ് മണിക്കാണ് മന്ത്രിയെ പുറത്താക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയത്. നാല് മണിക്കൂറിന് ശേഷം, ആറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നുമറിയിച്ച് ഗവർണർ ആർ എൻ രവി മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു.