21
Jul 2023
Fri
21 Jul 2023 Fri

പാരിസ്: പ്രധാനന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തുന്നതിന് തൊട്ടുമുമ്പ് മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രമേയവുമായി യൂറോപ്യന്‍ പാര്‍ലമെന്റ്. വംശീയവും മതപരവുമായ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമേയത്തില്‍ മണിപ്പൂരില്‍ രണ്ട് മാസമായി നടക്കുന്ന അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന മോദി സര്‍ക്കാരിന്റെ രീതികളെ വിമര്‍ശിച്ചു. ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം നയിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിലും ഭിന്നിപ്പിക്കുന്ന നയങ്ങളിലും ഞങ്ങള്‍ ആശങ്കാകുലരാണെന്ന് പ്രമേയം പറഞ്ഞു.

വംശീയവും മതപരവുമായ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തില്‍ ഇന്ത്യന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. ന്യൂനപക്ഷ സമുദായങ്ങളോടുള്ള അസഹിഷ്ണുതയാണ് മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന് പ്രമേയത്തില്‍ പറയുന്നു. ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതവും ഭിന്നിപ്പിക്കുന്നതുമായ നയങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ഇന്റര്‍നെറ്റ് തടയാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും പ്രമേയം വിമര്‍ശിച്ചു.

ഐക്യരാഷ്ട്രസഭയുടെ ശുപാര്‍ശകള്‍ പാലിച്ച് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) പിന്‍വലിക്കാനും സുരക്ഷാ സേനയുടെ ബലപ്രയോഗം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ഇന്ത്യയില്‍ നിലവില്‍ മതസ്വാതന്ത്ര്യം കുറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ആദിവാസി സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവേചനപരമായ നിയമങ്ങളും സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. മണിപ്പൂരിനോട് എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കാന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിരിമുറുക്കം അവസാനിപ്പിക്കാന്‍ നിഷ്പക്ഷതയുടെ പങ്ക് വഹിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നും ‘ പ്രമേയം നേതാക്കളോട് ആഹ്വാനം ചെയ്തു.

ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഈ നിര്‍ദ്ദേശം കൊണ്ടുവന്നപ്പോള്‍ ഇന്ത്യ എതിര്‍ക്കുകയും പാസ്സാക്കാന്‍ നയതന്ത്രതലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്‌തെങ്കിലും അത് അവഗണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.

അതേസമയം, യൂറോപ്യന്‍ പാര്‍ലമെന്റ് പാസിക്കിയ പ്രമേയം ഇന്ത്യ തള്ളി ഈ നീക്കം സ്വീകാര്യമല്ലെന്നും കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണിതെന്നും ഇന്ത്യ പറഞ്ഞു. ‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുളള ഇത്തരം ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും ഇത് കൊളോണിയല്‍ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു’ എന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സംഭവത്തോട് പ്രതികരിച്ചത്.