29
Jul 2023
Thu
29 Jul 2023 Thu

മണിപ്പൂര്‍: നടക്കുന്ന വിഡിയോയെ അപലപിച്ച് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും; സംഭവത്തില്‍ കേസെടുത്ത് പോലീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട രണ്ടുസ്ത്രീകളെ പീഡിപ്പിച്ച ശേഷം ഇവരെ സമീപത്തെ വയലിലൂടെ നടത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത ജനരോഷം ഉയരുന്നു. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും രംഗത്തുവന്നു. വടക്കുകിഴക്കന്‍ സംസ്ഥാനം ആക്രമിക്കപ്പെടുമ്പോള്‍ ‘ഇന്ത്യ’ മൗനം പാലിക്കില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ‘ഇന്ത്യ’ നിശബ്ദത പാലിക്കില്ല, ‘ഗാന്ധി ട്വീറ്റില്‍ പറഞ്ഞു. ‘ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി, ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ചിത്രങ്ങള്‍ ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. ‘സ്ത്രീകള്‍ക്കെതിരായ ഈ ഭയാനകമായ അതിക്രമത്തിന് എത്ര അപലപിച്ചാലും മതിയാകില്ല. സ്ത്രീകളും കുട്ടികളുമാണ് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്,’ പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു. മണിപ്പൂരില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ നാമെല്ലാവരും ഒരേ സ്വരത്തില്‍ അക്രമത്തെ അപലപിക്കണം, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിന് പിന്നാലെ അജ്ഞാതരായവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. തൗബാല്‍ ജില്ലയിലെ നോങ്‌പോക്ക് സെക്മായി പോലീസ് സ്‌റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.

കലാപം തുടങ്ങിയ മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്ത്രീകളെ വയലില്‍ വച്ച് കൂട്ട ബലാത്സംഗം ചെയതശേഷമാണ് നടത്തിയതെന്ന് കുകി ഗോത്ര സംഘടന ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) ആരോപിച്ചു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്.

വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഐടിഎല്‍എഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വര്‍ഗ കമ്മീഷനിലും പരാതി നല്‍കി.