29
Jul 2023
Thu
29 Jul 2023 Thu

ഒടുവില്‍ മണിപ്പൂരില്‍ പ്രതികരിച്ച് മോദി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രണ്ടുമാസത്തിലേറെയായി കലാപം നടക്കുന്ന മണിപ്പൂരില്‍ ഇതാദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ സംഭവിച്ചത് അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്ന് മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ഇന്ന് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മോദിയുടെ പ്രസ്താവന. പാര്‍ലമെന്റില്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയം സജീവമായി ഉയര്‍ത്താനിരിക്കെയാണ് മോദി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചത്. ഇതില്‍ കുറ്റക്കാരെ വെറുതെ വിടില്ല. നിയമം സര്‍വശക്തിയും ഉപയോഗിച്ച് ഇതില്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടത്തുന്ന ആള്‍ക്കൂട്ടത്തിന്റെ വിഡിയോ വന്‍ നടുക്കമാണ് രാജ്യത്തുണ്ടാക്കിയത്. കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി.

തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയിലാണ് മേയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വിഡിയോ പുറത്തുവിട്ടത്. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് യുവതികളെ ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.