പാരിസ്: ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി പ്രീ സീസണ്‍ മല്‍സരത്തില്‍ സൗദി ക്ലബ്ബ് അല്‍ നസറുമായി ഏറ്റുമുട്ടും. നാളെ ജപ്പാനില്‍ ഇന്ത്യന്‍ സമയം 3.50 മല്‍സരം നടക്കും. പിഎസ്ജി അവരുടെ സ്റ്റാര്‍ പ്ലയര്‍ കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പ്രീസീസണ്‍ മല്‍സരങ്ങള്‍ക്കിറങ്ങുന്നത്. പരിക്കിന് ശേഷം സ്‌ക്വാഡില്‍ നെയ്മര്‍ തിരിച്ചെത്തിയത് പിഎസ്ജിക്ക് ഗുണം ചെയ്യും. അല്‍ നസറിനായി റൊണാള്‍ഡോയ്‌ക്കൊപ്പം ക്രൊയേഷ്യന്‍ താരം ബ്രൊസോവിച്ചും ഇറങ്ങും.
അതിനിടെ പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കായി 259 മില്ല്യണ്‍ യൂറോയുടെ ഭീമന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്തെത്തിയിട്ടുണ്ട്. പിഎസ്ജിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് ക്ലബ്ബ് അവരുടെ പ്രീ സീസണ്‍ ടൂറില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയിരുന്നു. പിഎസ്ജിയുമായുള്ള പുതിയ കരാറിന് താരം തയ്യാറല്ലായിരുന്നു. 2024ല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ റയലിലേക്ക് ചേക്കേറാനായിരുന്നു എംബാപ്പെയുടെ ഉദ്ദേശം. എന്നാല്‍ ഈ ഡീല്‍ പിഎസ്ജിയ്ക്ക് നഷ്ടമാവുമെന്നതിനെ തുടര്‍ന്നാണ് എംബാപ്പെയെ നേരത്തെ വില്‍ക്കാന്‍ തീരുമാനിച്ചത്. നിലവില്‍ റയല്‍ മാഡ്രിഡാണ് താരത്തിനായി മുന്നിലുള്ളത്. 2017ലാണ് മൊണാക്കോയില്‍ നിന്ന് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്. 24കാരനായ എംബാപ്പെയ്ക്കായി അല്‍ ഹിലാല്‍ മുന്നില്‍ വച്ച തുക ലോക റെക്കോര്‍ഡാണ്. നിലവില്‍ നെയ്മര്‍ 200 മില്ല്യണ്‍ യൂറോയ്ക്കായി 2017ല്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലെത്തിയതാണ് ലോക റെക്കോഡ് ട്രാന്‍സ്ഫര്‍ തുക.
|


