റിയാദ്: ലിവര്‍പൂളിന്റെ ഒരു മധ്യനിര താരം കൂടെ സൗദി പ്രോ ലീഗില്‍ എത്തുന്നു. ബ്രസീലിയന്‍ മിഡ്ഫീല്‍ഡറായ ഫാബിഞ്ഞോയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കിയിരിക്കുകയാണ്. ലിവര്‍പൂളും ഇത്തിഹാദും തമ്മില്‍ കരാര്‍ ചര്‍ച്ചകളില്‍ പൂര്‍ണ്ണമായ ധാരണയില്‍ എത്തി എന്‍ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. 29 കാരനായ താരത്തിനായി സൗദി പ്രോ ലീഗ് ക്ലബ് 40 മില്യണ്‍ പൗണ്ട് ആണ് ട്രാന്‍സ്ഫര്‍ തുകയായി നല്‍കുന്നത്. 2018 മുതല്‍ ഫാബിഞ്ഞോ ലിവര്‍പൂള്‍ ടീമിന്റെ പ്രധാന ഭാഗമാണ്. പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും അടക്കം 7 കിരീടങ്ങള്‍ താരം ലിവര്‍പൂളിനൊപ്പം നേടിയിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ഫാബിഞ്ഞോ ഇത്തിഹാദില്‍ ഒപ്പുവെച്ചത്. മെഡിക്കല്‍ എല്ലാം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ദിവസം തന്നെ ഫാബിഞ്ഞോ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിക്കും.
|

അതിനിടെ സൗദി അറേബ്യന്‍ വമ്പന്‍മാരായ അല്‍ അഹ്ലി അവരുടെ പുതിയ പരിശീലകനെ നിയമിച്ചു. മൂന്ന് വര്‍ഷത്തെ കരാറില്‍ മുന്‍ സാല്‍സ്ബര്‍ഗ് ബോസ് മത്തിയാസ് ജെയ്സലിനെ ആണ് ജിദ്ദ ആസ്ഥാനമായുള്ള അല്‍ അഹ്ലി സ്വന്തമാക്കിയത്. കരാറിലായിരിക്കെ ഒരു പുതിയ ക്ലബ്ബുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതിന് 35-കാരനായ ജെയ്‌സലിനെ സാല്‍സ്ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച യുവ മാനേജര്‍മാരില്‍ ഒരാളാണ് ജെയ്‌സല്‍. 2021-ല്‍ സാല്‍സ്ബര്‍ഗിന്റെ ചുമതല ഏറ്റ ശേഷം രണ്ട് ഓസ്ട്രിയന്‍ ബുണ്ടസ്ലിഗ കിരീടങ്ങളും ഒരു ആഭ്യന്തര കപ്പും സാല്‍സ്ബര്‍ഗില്‍ അദ്ദേഹം നേടി.
മുന്‍ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ, മുന്‍ ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി, മാഞ്ചസ്റ്റര്‍ സിറ്റി വിട്ട റിയാദ് മഹ്റസ് തുടങ്ങിയ വന്‍ സൈനിംഗുകള്‍ നടത്തി അല്‍ അഹ്ലി പുതിയ സീസണ് ഒരുങ്ങി കഴിഞ്ഞു.


