യൂത്ത് ലീഗുകാരുടെ കൊലവിളിക്ക് മാത്രം കേസും അറസ്റ്റും, യുവമോര്ച്ചക്കെതിരേ കേസില്ല; കേസെടുക്കാന്‍ ആവശ്യപ്പെട്ട് വിഡി സതീശന്
|
കോഴിക്കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഉയര്‍ന്ന കൊലവിളി മുദ്രാവാക്യത്തിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ്, കണ്ണൂരില്‍ കൊലവിളി നടത്തിയ യുവര്മോര്ച്ചക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തത് വിവാദമാകുന്നു. കാഞ്ഞങ്ങാട്ടെ യൂത്ത് ലീഗ് പരിപാടിയില്‍ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെ പേരില്‍ എട്ടുപേരെയാണ് അറസ്റ്റ്ചെയ്തത്. റാലിയില്‍ പങ്കെടുത്തവര്‍ക്ക് വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്കിയ 18 വയസ്സുള്ള അബ്ദുല്‍ സലാം ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റില്‍. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസും എടുത്തെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
കാഞ്ഞങ്ങാട്ടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കുകയുംചെയ്തു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകളാണ് കാസര്‍കോട് സൈബര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഡിജിപി ഷേഖ് ദര്‍വേശ് സാഹേബ് ജില്ല സന്ദര്‍ശിക്കുകയുംചെയ്തു.
കണ്ണൂരില്‍ യുവമോര്‍ച്ച നടത്തിയ കൊലവിളി പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കോ മുദ്രാവാക്യം വിളിച്ചവര്‍ക്കോ നേതാക്കള്‍ക്കോ എതിരേ ഇതുവരെ കേസെടുത്തിട്ടില്ല. യുവമോര്ച്ചക്കെതിരേ സി.പി.എം നേതാക്കള്‍ നടത്തിയ കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. യുവമോര്‍ച്ച നേതാവിന്റെ ഭീഷണിയിലും മുദാവാക്യം വിളികളിലും സി.പി.എം പരാതി നല്കാന് തയാറാകാത്തതും വിവാദമായിട്ടുണ്ട്. പി ജയരാജന് നടത്തിയ ഭീഷണിക്കെതിരെ യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ പോലീസ് കേസെടുത്തില്ല.
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ തലശ്ശേരിയിലേ ഓഫീസിലേക്കുള്ള യുവമോര്‍ച്ച റാലിയില്‍ പി. ജയരാജനും ഷംസീറിനുമെതിരെയാണ് കൊലവിളി ഉയര്‍ന്നത്. ‘ഓര്‍മ്മയില്ലേ ജയരാജാ, ഒറ്റക്കയ്യാ ജയരാജാ… മോര്‍ച്ചറി ഞങ്ങളൊരുക്കുന്നുണ്ട്… നിനക്ക് വേണ്ടി ജയരാജാ, ഓര്‍ത്ത് കളിച്ചോ സൂക്ഷിച്ചോ… ഹൈന്ദവ സമൂഹത്തെ അപമാനിച്ച എ.എന്‍ ഷംസീര്‍ മൂരാച്ചീ.. അധികാരത്തിന് ഊറ്റം കൊണ്ട് ഞങ്ങള്‍ക്കെതിരെ നേരെ വന്നാല്‍.. കൈയും കൊത്തി തലയും കൊത്തി… കാളീപൂജ നടത്തും ഞങ്ങള്‍.. ഓര്‍ത്ത് കളിച്ചോ ഷംസീറെ.. ഓര്‍ത്ത് കളിച്ചോ ജയരാജാ..,’ എന്നായിരുന്നു മുദ്രാവാക്യം.
മാര്‍ച്ച് ഉദ്ഘാടനംചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് തികച്ചും പ്രകോപനപരവും വര്‍ഗീയവുമായ പ്രസംഗമായിരുന്നു നടത്തിയത്. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്ന് ഗണേഷ് ഭീഷണിമുഴക്കി. ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും ഉള്ളത്. എന്നാല്‍ എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണം എന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചത്.
ഇതില്‍ ഇടപെട്ട് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെയും ഭീഷണിയുമായെത്തി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ദേഹത്ത് മണ്ണ് വീണാല്‍ ഒരു വരവ് കൂടി വരേണ്ടി വരും എന്നായിരുന്നു തിരുവോണത്തിന് പൂക്കളമിട്ടതിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. 1999ലെ തിരുവോണ നാളിലാണ് മുമ്പ് ജയരാജനെ സംഘ്പരിവാര്‍ ആക്രമിക്കുന്നത്. ഇത് ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യൂത്ത് ലീഗിന്റെ റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യം വിവാദമായതിന് തൊട്ടുപിന്നാലെ തന്നെ പാര്‍ട്ടി നേതൃത്വം അതുതള്ളിപ്പറയുകയും ഇത് തങ്ങളുടെ രീതിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വിതരണംചെയ്തതല്ലാത്ത മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പുറത്താക്കിയതായും യൂത്ത് ലീഗ് അറിയിക്കുകയുണ്ടായി. കൂടാതെ വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്നലെ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നു. എന്നാല്‍, യുവമോര്‍ച്ചയുടെ കൊലവിളിയെ സംഘ്പരിവാര്‍ നേതാക്കളാരും തള്ളിപ്പറയുകയോ മുദ്രാവാക്യംവിളിച്ചവര്ക്കെതിരേ നടപടിയുണ്ടാകുമെന്ന് അറിയിക്കുകയോ ചെയ്തില്ല.
അതേസമയം, സംസ്ഥാനത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സിപിഎം നേതാക്കള്‍ കൊലവിളി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. ഇത്തരം കൊലവിളിയും കൊലവിളി മുദ്രാവാക്യങ്ങളും പാടില്ല. എത്ര വലിയ നേതാക്കളാണെങ്കിലും കര്‍ശന നടപടിയെടുക്കണം. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നിലനില്‍ക്കുന്നത്. സിപിഎം, ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കില്ല. യുഡിഎഫുകാരായിരുന്നെങ്കില് അപ്പോള്‍ തന്നെ കേസെടുത്തേനെയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.





