18
Jul 2023
Sun
18 Jul 2023 Sun

ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടെ യാത്രക്കാരിയ്ക്കും പതിനാറുകാരിയായ മകള്‍ക്കും സഹയാത്രികനില്‍ നിന്ന് ലൈംഗിക അതിക്രമം ഉള്‍പ്പെടെ നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് യു.എസിലെ പ്രമുഖ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ രണ്ട് മില്യണ്‍ ഡോളര്‍ ( ഏകദേശം പതിനാറരക്കോടി രൂപ) നഷ്ടപരിഹാരക്കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക് സിറ്റിയിലെ ജെ.എഫ്.കെ. വിമാനത്താവളത്തില്‍നിന്ന് ഗ്രീസിലെ ആതന്‍സിലേക്കുള്ള ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രക്കിടെയാണ് യാത്രക്കാര്‍ക്ക്, മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരനില്‍നിന്ന് അതിക്രമം നേരിടേണ്ടി വന്നതെന്ന് ഫോക്സ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലെ ജീവനക്കാരോട് സഹായം തേടിയെങ്കിലും അത് അവഗണിച്ചതായും കുറ്റാരോപിതനായ യാത്രക്കാരന് കൂടുതല്‍ മദ്യം വിളമ്പുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയ്ക്കും അശ്രദ്ധയ്ക്കുമാണ് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ യാത്രയിലുടനീളം വളരെ മോശമായ രീതിയില്‍ പെരുമാറിയതായും അനുചിതമായ വിധത്തില്‍ പലതവണ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തതായി ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നു. ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതരെ വിവരമറിയിക്കാതെ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്തുപോകാന്‍ വിമാനത്തിലെ ജീവനക്കാര്‍ അനുവദിച്ചതായും പരാതിയിലുണ്ട്. 2022 ജൂലായ് 26 നായിരുന്നു സംഭവം.

അതിക്രമം നേരിട്ട യുവതിയുടേയും മകളുടേയും സമീപത്തായിരുന്നു വിമാനത്തില്‍ കുറ്റാരോപിതന്റെ ഇരിപ്പിടം. മദ്യപാനത്തിന് ശേഷം ഇയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമം തുടങ്ങി. പെണ്‍കുട്ടി അവഗണിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയോട് ആക്രോശിക്കാന്‍ ആരംഭിച്ചു. കൂടാതെ അശ്ലീല ആംഗ്യങ്ങളും കാണിച്ചു. പെണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് ഇയാള്‍ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ അമ്മ ഇടപെട്ടെങ്കിലും അവര്‍ക്ക് നേരെയും ഇയാള്‍ അധിക്ഷേപം തുടര്‍ന്നു. സുരക്ഷാഭീതിയുണ്ടെന്നും സീറ്റ് മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് വിമാനത്തിലെ ജീവനക്കാരെ സമീപിച്ച യാത്രക്കാരികളോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ട് ഒഴിവാക്കിയതായും പരാതിക്കാര്‍ പറയുന്നു.

ഇയാള്‍ അതിക്രമം തുടര്‍ന്നതോടെ ഭയന്ന പെണ്‍കുട്ടിയ്ക്ക് പാനിക് അറ്റാക്കുണ്ടായതായും പരാതിയിലുണ്ട്. കൂടാതെ അമ്മയുടെ മടിയില്‍ കിടന്ന കുട്ടിയെ ഇയാള്‍ അശ്ലീലച്ചുവയോടെ വീണ്ടും സ്പര്‍ശിച്ചതായും പെണ്‍കുട്ടി സീറ്റില്‍നിന്ന് അകന്നുമാറിയതായും ഉടനെ ഇയാള്‍ അമ്മയുടെ കാലില്‍ പിടിച്ചതായും ഇവര്‍ നിലവിളിച്ചുകൊണ്ട് സീറ്റില്‍നിന്നെണീറ്റതായും പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൈാരു യാത്രക്കാരന്‍ സ്വന്തം സീറ്റ് പെണ്‍കുട്ടിക്കായി മാറിനല്‍കുകയും കുട്ടിയുടെ അമ്മയുടെ അരികത്തുള്ള സീറ്റില്‍ വന്നിരിക്കുകയും ചെയ്തു.

വിമാനം ലാന്‍ഡ് ചെയ്തതോടെ വിമാനത്തിലെ ജീവനക്കാര്‍ അരികിലെത്തി വിമാനത്തിലെ അനിഷ്ടസംഭവത്തിലെ ഖേദപ്രകടനമെന്ന നിലയില്‍ യുവതിയ്ക്കും മകള്‍ക്കും 5,000 മൈല്‍ സൗജന്യവിമാനയാത്ര അനുവദിക്കാമെന്ന് അറിയിച്ചതായും പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന യാത്രക്കാര്‍ക്കെതിരെ കമ്പനി കടുത്ത നിലപാട് എടുക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഡെല്‍റ്റ, ഫോക്സ് ബിസിനസ്സിനോട് പ്രതികരിച്ചിട്ടുണ്ട്.