|
‘പൊലീസുകാരെ ജീവനോടെ കത്തിക്കാന്‍ ആഹ്വാനം’; ഹരിയാനയിലെ സംഘര്‍ഷം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ വിഎച്ച്പി യാത്രയോടനുബന്ധിച്ചുണ്ടായ വര്‍ഗീയ സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആര്‍. പൊലീസുകാരെ ജീവനോടെ കത്തിക്കുവെന്ന് ജനക്കൂട്ടം ആക്രോശങ്ങള്‍ നടത്തിയെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
600നും 700നും ഇടയിലുള്ള ആള്‍ക്കൂട്ടമാണ് നൂഹിലെ സൈബര്‍ പൊലിസ് സ്റ്റേഷന് നേരെ ആക്രോഷിച്ച് പാഞ്ഞടുത്തത്. ജനക്കൂട്ടം സ്‌റ്റേഷന്‍ വളഞ്ഞു. കല്ലെറിഞ്ഞു. പൊലീസുകാരെ ജീവനോടെ ചുട്ടെരിക്കുമെന്ന് ആക്രോശിച്ചു. പിന്നാലെ ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകര്‍ത്ത് ജനക്കൂട്ടം അകത്തുകയറി. കെട്ടിടത്തിനു മുകളില്‍കയറി അനധികൃത ആയുധങ്ങള്‍ ഉപയോഗിച്ച് പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ത്തു. പൊലീസുകാര്‍ ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നീടാണ് സ്വയരക്ഷയ്ക്കായി 100 റൗണ്ട് വെടിവച്ചത്. പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന 15 വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു. കൂടുതല്‍ സേനയെത്തിയശേഷമാണ് അവര്‍ പിന്മാറിയത്. എന്നിട്ടും പൊലീസുകാരെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
മത സംബന്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പൊലീസുകാര്‍ക്കുനേരെ ജനക്കൂട്ടം വെടിയുതിര്‍ത്തത്. പ്രതിഷേധക്കാരുടെ അക്രമങ്ങളില്‍ രണ്ട് ഹോം ഗാര്‍ഡുമാര്‍ കൊല്ലപ്പെട്ടു. ഇവരുടെ വാഹനവും അഗ്‌നിക്കിരയാക്കി. പള്ളിയില്‍ നടന്ന അക്രമത്തില്‍ ചൊവ്വാഴ്ച ഒരു പുരോഹിതനെ ജനക്കൂട്ടം കൊന്നു. പ്രതിഷേധക്കാരുടെ കൈവശം തോക്കുകള്‍, ലാത്തികള്‍, ബാറ്റണുകള്‍ തുടങ്ങിയ ഉണ്ടായിരുന്നുവെന്നും പൊലീസുകാരെയാണ് ലക്ഷ്യമിട്ടതെന്നും കുറ്റപത്രങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്.
തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ രണ്ട് ഹോംഗാര്‍ഡുകളും ഒരു ഇമാമും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്.
സംഘര്‍ഷത്തിന് ഉത്തരവാദികളായ ഓരോ കുറ്റവാളികളെയും നിയമത്തിനു മുന്നിലെത്തിക്കുമെന്നും ഇവരില്‍നിന്ന് നാശനഷ്ടം എതുവിധേനയും ഈടാക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.





