30
Aug 2023
Sat
30 Aug 2023 Sat

കല്‍പ്പറ്റ: മണിപ്പുര്‍ കലാപത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് രാഹുല്‍ഗാന്ധി. ബി.ജെ.പി. കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അതാണ് അവര്‍ മണിപ്പുരില്‍ ചെയ്തതെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പുരിനെ കത്തിക്കാന്‍ നിങ്ങള്‍ക്ക് രണ്ടുമാസം മതിയായിരുന്നു. അഞ്ചുവര്‍ഷമെടുത്തായാലും ഞങ്ങള്‍ അവിടെ സ്നേഹം തിരികെ കൊണ്ടുവരും. ഈ പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എം.പി. സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം ആദ്യമായി വയനാട് സന്ദര്‍ശിച്ച രാഹുലിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.ജെ.പി. കുടുംബങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ ഒരു കുടുംബമാണ്, അവര്‍ക്ക് അത് ഭിന്നിപ്പിക്കണം. മണിപ്പുര്‍ ഒരു കുടുംബമാണ്, അത് തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. അവര്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകര്‍ത്തു. ഞങ്ങള്‍ കുടുംബങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു, കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നു. മണിപ്പുരിനെ വിഭജിച്ചുവെന്നും ഇല്ലാതാക്കിയെന്നും ബി.ജെ.പി. കരുതുന്നു. മണിപ്പുരിനെ നമ്മള്‍ ഒരുമിച്ച് തിരികെ കൊണ്ടുവരും. മണിപ്പുരിലേക്ക് സ്നേഹം തിരികെക്കൊണ്ടുവരുമെന്നും അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.

‘ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുടുംബം എന്താണെന്ന് മനസിലാവില്ല. നമ്മളെ തമ്മില്‍ വേര്‍പ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്തോറും നമ്മള്‍ അടുക്കും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയാല്‍ വയനാടുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവര്‍ വിചാരിച്ചു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയാല്‍ വയനാടുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയോയുള്ളൂ’, രാഹുല്‍ പറഞ്ഞു.

‘എന്നെ നിങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അവര്‍ക്ക് എന്നെ അന്‍പതോ നൂറോ തവണ അയോഗ്യനാക്കാന്‍ കഴിഞ്ഞേക്കും പക്ഷേ നിങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയേ ഉള്ളൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള താന്‍ മണിപ്പുരില്‍ കണ്ടതുപോലെയുള്ള സാഹചര്യം മറ്റെവിടെയും കണ്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പുരില്‍ എല്ലായിടത്തും രക്തവും കൊലപാതകവും ബലാത്സംഗവുമാണ്. പാര്‍ലമെന്റില്‍ രണ്ടുമണിക്കൂര്‍ 13 മിനിറ്റ് സംസാരിച്ച പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച് രണ്ടുമിനിറ്റാണ് സംസാരിച്ചത്. അദ്ദേഹം പൊട്ടിച്ചിരിച്ചു, തമാശ പറഞ്ഞു. അദ്ദേഹത്തിന്റെ മന്ത്രിമാരും അങ്ങനെ തന്നെ ചെയ്തു. രണ്ടുമിനിറ്റാണ് അദ്ദേഹം ഭാരത മാതാവിന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് അതിന് ധൈര്യം വരിക. എങ്ങനെയാണ് ഇന്ത്യയെന്ന ആശയത്തെ അപമാനിക്കാന്‍ കഴിയുക? എന്തുകൊണ്ട് അദ്ദേഹം മണിപ്പുരില്‍ പോയില്ല? എന്തുകൊണ്ട് അവിടെ കലാപം അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ല? അദ്ദേഹം രാജ്യസ്നേഹിയല്ലാത്തതിനാലാണത്. ഇന്ത്യയെന്ന ആശയത്തെ കൊല്ലുന്നവര്‍ ആരായാലും അയാള്‍ രാജ്യസ്നേഹിയല്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.