16
Aug 2023
Wed
16 Aug 2023 Wed

കോട്ടയം: അനധികൃതമായി നവീകരിച്ച രാജധാനി ഹോട്ടല്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ചങ്ങനാശേരി സ്വദേശി ജിനോ മരിച്ച സംഭവത്തില്‍ കോട്ടയം നഗരസഭാ അധികൃതര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ കോട്ടയം മണ്ഡലം പ്രസിഡന്റ് ഷൈജു ഹമീദ് ആവശ്യപ്പെട്ടു. ലോട്ടറി തൊഴില്‍ ചെയ്ത് കുടുംബം നോക്കിയിരുന്ന ജിനോയുടെ മരണത്തോടെ ആലംബമറ്റ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കുകയും നഗരസഭയുടെ കെടുകാര്യസ്ഥത മൂലം അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന ഊട്ടി ലോഡ്ജ് പ്രവര്‍ത്തിച്ച കെട്ടിടം ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും തല്‍സ്ഥാനത്ത് നിന്ന് പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവ് ഉണ്ടാകുകയും അവിടെ പ്രവര്‍ത്തിച്ചിരുന്ന നൂറ് കണക്കിന് ചെറുകിട കച്ചവടക്കാരെ ഒഴിവാക്കിയ ശേഷം ബില്‍ഡിങ് പൂട്ടിയിടുകയും ചെയ്തു.എന്നാല്‍ അത്രയും വര്‍ഷം പഴക്കമുള്ള രാജധാനി ബാര്‍ പ്രവര്‍ത്തിച്ച കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് മുനിസിപാലിറ്റി അധികൃതര്‍ വരുത്തിതീര്‍ക്കുകയായിരുന്നു. കോട്ടയം നഗരത്തിലെ സ്വകാര്യ കെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 200 മുതല്‍ 250 രൂപ വരെ വാടകയുള്ളപ്പോള്‍ രാജധാനി കെട്ടിടത്തിന് 6850 ചതുരശ്ര അടി വെറും 15 രൂപ നിരക്കിലുള്ള വാടകയാണ് രാജധാനി ഉടമയ്ക്ക് ബാര്‍ നടത്തുവാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നല്‍കി പോന്നത്.

ബാര്‍ നടത്തിപ്പിന്റെ പുതിയ നിയമ ഭേദഗതി വന്നപ്പോള്‍ ബാര്‍ ലൈസന്‍സ് പുതുക്കി കിട്ടണമെങ്കില്‍ പതിനായിരം ചതുരശ്ര അടി വേണമെന്നതിനാല്‍ കെട്ടിടത്തോട് ചേര്‍ന്ന് കിടക്കുന്ന കോട്ടയം മുനിസിപാലിറ്റിയുടെ സ്ഥലത്ത് രാജധാനി ബാര്‍ ഉടമ 3850 ചതുരശ്ര അടിയുള്ള കെട്ടിടം അനധികൃതമായി പണിതുയര്‍ത്തുകയായിരുന്നു. ഇതിന് പിന്നില്‍ മുനിസിപല്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഭീമമായ തുക വഴിവിട്ട ബന്ധത്തിലൂടെ അഴിമതി നടത്തി കൈക്കലാക്കിയതിന്റെ തെളിവുകള്‍ ഇന്നും നില നില്‍ക്കുന്നുമുണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചു. ഈ അനധികൃത കെട്ടിടത്തിന്റെ സ്ലാബ് ആണ് ജിനോ എന്ന ലോട്ടറി തൊഴിലാളിയുടെ കുടുംബം അനാഥമാക്കിയത്. കോട്ടയം നഗര സഭയുടെ തുടര്‍ന്ന് വരുന്ന എല്ലാ അഴിമതിയും വെളിച്ചത്ത് കൊണ്ടുവരുമെന്നും വരും നാളുകളില്‍ ശക്തമായ സമര പരിപാടികള്‍ക്ക് എസ് ഡി പി ഐ നേതൃത്വം കൊടുക്കുമെന്നും ഷൈജു ഖാലിദ് പറഞ്ഞു.