ലോഡ് ഷെഡിങ്ങോ നിരക്കു വര്‍ധനയോ.?; തീരുമാനം ഇന്ന്, മുഖ്യമന്ത്രിയുടെ യോഗം വൈകീട്ട്
|
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലെ അനിശ്ചിതത്വവും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. വൈകീട്ട് 3.30നാണ് യോഗം. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം കൂടിക്കാഴ്ചയില്‍ ഉണ്ടാകും.
കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താന്‍ പവര്‍കട്ട് വേണോ വേണ്ടയോ എന്നതാണ് പ്രധാന വിഷയം. ഓണവും പുതുപള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെ!ന്‍ഡര്‍ സെപ്റ്റംബര്‍ 4ന് തുറക്കുമ്പോള്‍ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ വരും മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാകൂ.
പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ കെ.എസ്.ഇ.ബിയെ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമോ എന്ന് പരിശോധിക്കാതെ കൂടിയ വിലയ്ക്ക് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി വകുപ്പിന് അതൃപ്തിയുണ്ട്.





