01
Aug 2023
Fri
01 Aug 2023 Fri

ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ ബിജെപിക്കു വൻ തിരിച്ചടിയായി നേതാക്കളുടെ രാജിയും കോൺ​ഗ്രസ് പ്രവേശനവും. ഇന്നലെ നിരവധി ബിജെപി നേതാക്കളാണ് കോൺഗ്രസ് ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. ബിജെപിയിലേക്ക് പോയ മുൻ കോൺ​ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരെ പാർട്ടിയിലെത്തിക്കാനും കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാഗർ ജില്ലയിലെ പ്രബല രജ്പുത് നേതാവായ നീരജ ശർമയുൾപ്പെടെയുള്ളവരെ തങ്ങൾക്കൊപ്പം കൂട്ടിയാണ് കോൺഗ്രസ് ഏറ്റവുമൊടുവിൽ ബിജെപിക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. വ്യവസായിയും കർഷക നേതാവുമായ നീരജ ബസ് ഓപറേറ്റർ കൂടിയാണ്. നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് നീരജ ഭോപ്പാലിലെ പിസിസി ആസ്ഥാനത്തെത്തി കോൺഗ്രസിൽ അംഗത്വമെടുത്തത്. പിസിസി അധ്യക്ഷൻ കമൽനാഥിന്റെ നേതൃത്വത്തിലാണു സ്വീകരണമൊരുക്കിയത്.

അതേസമയം, കോൺഗ്രസിലേക്ക് ചേക്കേറുന്നതിന് തൊട്ടുമുമ്പ് സാഗർ ജില്ലയിലെ റാഹത്ഗഢ് പൊലീസ് നീരജ ശർമയ്ക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. രജ്പുത്തുകൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ് നീരജ. രജ്പുത് വോട്ടിൽ കണ്ണുനട്ടാണ് കോൺഗ്രസ് നേതാവായിരുന്ന നീരജയെ 2010ൽ ബിജെപി പാർട്ടിയിലെത്തിക്കുന്നത്.

2010ൽ തന്നെ ജനപഥ് പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. നീരജ ശർമയ്ക്ക് കോൺ​ഗ്രസ് സുർഖി സീറ്റ് നൽകുമെന്നാണ് റിപ്പോർട്ട്. മുൻ ഗവർണർ രാംനരേഷ് യാദവിന്റെ കൊച്ചുമകൾ റോഷ്‌നി യാദവ് നിവാരിയിൽ നിന്നും മത്സരിക്കും.

നീരജയ്ക്കു പുറമെ നിവാരി, ദാത്തിയ, സത്‌ന, ശിവപുരി എന്നിവിടങ്ങളിൽ നിന്നെല്ലാം നിരവധി ബിജെപി നേതാക്കൾ ഇന്നലെ പിസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് അംഗത്വമെടുത്തിട്ടുണ്ട്. ശിവപുരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിതേന്ദ്ര ജെയിൻ ഗൊട്ടുവും ഇക്കൂട്ടത്തിലുണ്ട്. ഇദ്ദേഹം മുൻ ബിജെപി എംഎൽഎയുടെ സഹോദരനാണ്. യവമോർച്ച ജില്ലാ നേതാവായ രാജു ദംഗിയും നിവാരി ജില്ലാ പഞ്ചായത്ത് അംഗം റോഷ്നി യാദവും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.