17
Sep 2023
Sat
17 Sep 2023 Sat

സിംഗപ്പൂരിന്റെ ഒമ്പതാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തര്‍മന്‍ ഷണ്‍മുഖരത്‌നം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ്. തമിഴ്‌നാട്ടുകാരാണ് തര്‍മന്‍ ഷണ്‍മുഖരത്‌നത്തിന്റെ പൂര്‍വികര്‍.. സാമ്പത്തികവിദഗ്ധനായ തര്‍മന്‍ ഷണ്‍മുഖരത്‌നം 70.4 ശതമാനം വോട്ടുകള്‍ നേടിയാണ് സിംഗപ്പൂരിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജേതാവായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ എതിരാളികളായിരുന്ന നിങ് കോക് സോങ്(15.72 ശതമാനം), ടാന്‍ കിന്‍ ലിയാന്‍(13.88)എന്നിവര്‍ക്ക് വളരെ കുറവ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആറുവര്‍ഷമാണ് പ്രസിഡന്റിന്റെ ഭരണകാലാവധി.

സല്ലപ്പന്‍ രാമനാഥന്‍, ചെങ്ങര വീട്ടില്‍ ദേവന്‍ നായര്‍ എന്നിവരാണ് ഇതിനു മുമ്പ് സിംഗപ്പൂരിന്റെ പ്രസിഡന്റുമാരായ ഇന്ത്യന്‍ വംശജര്‍. ചൈനീസ്-ജാപനീസ് പൈതൃകം പേറുന്ന അഭിഭാഷക ജെയിന്‍ യുമികോ ഇത്തോഗിയാണ് തര്‍മന്റെ ഭാര്യ. ഒരു മകളും മൂന്നു ആണ്‍മക്കളുമാണ് ദമ്പതികള്‍ക്കുള്ളത്.

2011 മുതല്‍ 2019 വരെ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രിയായിരുന്ന തര്‍മന്‍ 2019 മുതല്‍ 2023 വരെ സുപ്രധാന മന്ത്രിപദവിയും അലങ്കരിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി മറ്റു പദവികളെല്ലാം രാജിവച്ചാണ് തര്‍മന്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.