|
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ ആഴ്ച തെക്കന്‍, മധ്യ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്ഫോടനം അടക്കം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. വളരെ കുറച്ചു സമയത്തിനുള്ളില്‍ 10 സെന്റിമീറ്റര്‍ വരെ മഴ പെയ്യിക്കാവുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് പ്രവചനം. മലയോര മേഖലയിലാണ് ലഘു മേഘവിസ്ഫോടനത്തിന് നിലവില്‍ കൂടുതല്‍ സാധ്യത. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ചക്രവാതച്ചുഴിയാണു നിലനില്‍ക്കുന്നത്. വടക്കു കിഴക്കന്‍ ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ ശക്തമാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കക്കിയില്‍ അതിതീവ്ര മഴയായ 22.5 സെന്റിമീറ്റര്‍ രേഖപ്പെടുത്തിയിരുന്നു.





