അപ്പയുടെ കബറിനരികിലെത്തി പ്രാര്‍ഥനയോടെ വോട്ടെടുപ്പ് ദിവസം തുടങ്ങി ചാണ്ടി ഉമ്മന്
|
കോട്ടയം: പുതുപ്പള്ളി ഇന്ന് വിധിയെഴുത്തിലേക്ക് നീങ്ങാനിരിക്കെ അതിരാവിലെ തന്നെ പള്ളിയിലും പിതാവിന്റെ കല്ലറിയിലുമെത്തി പ്രാര്‍ഥനയോടെ തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പള്ളിയില്‍ പുണ്യാളന് മുന്നില്‍ തിരി കത്തിച്ച് പ്രാര്‍ഥന നടത്തി നേരെ പോയത് ഉമ്മന്‍ പിതാവിന്റെ കബറിടത്തിലേക്ക്. അവിടെ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തി അപ്പയുടെ ഓര്‍മകള്‍ അയവിറക്കുകയും ചെയ്തു. തുടര്‍ന്ന് പള്ളിക്കുള്ളില്‍ കയറിയും പ്രാര്‍ഥിച്ചു. പള്ളിയില്‍ നിന്ന് നേരെ വാകത്താനം പഞ്ചായത്തിലേക്ക് പോയി. ഇവിടുത്തെ വിവിധ പോളിങ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുകയാണ്.
സ്ലിപ്പ് ഭാര്യയില്‍ നിന്നും കൈപ്പറ്റിയാണ് പിതാവ് ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്യാന്‍ പോയിക്കൊണ്ടിരുന്നത്. ആ പതിവ് തെറ്റിക്കാതെ അമ്മയുടെ കൈയില്‍ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് അദ്ദേഹവും വോട്ട് രേഖപ്പെടുത്താന്‍ പോവുക. അച്ഛനാണ് മാതൃകയെന്നും അത് പിന്തുടരാന്‍ ശ്രമിക്കുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം കരുതിയ പോലെ താനും ജനങ്ങളെ കരുതുമെന്നും എന്നാല്‍ അദ്ദേഹത്തെ പോലെയാകാന്‍ പറ്റുമോയെന്ന് അറിയില്ലെന്നും ചാണ്ടി പ്രതികരിച്ചു. ഓരോ വീടിന്റെ മുന്നിലും വലിയ സ്‌നേഹമാണ് തനിക്ക് ലഭിച്ചത്. ഫലം എന്തും ആയിക്കോട്ടെ, താന്‍ ഈ നാടിന്റെ ഭാഗമാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും ഇന്ന് ജനങ്ങളുടെ കോടതിയിലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം. രാവിലെ ഏഴിനു പോളിങ് ആരംഭിച്ചതു മുതല്‍ മിക്ക ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. മഴ മാറി നില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ. വൈകിട്ട് ആറിനാണു സമാപനം. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയാകുന്നു എന്ന അപൂര്‍വതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ട്ടിയുടേത് ഉള്‍പ്പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് പുതുപ്പള്ളി ഗ്രിഗോറിയന്‍ സ്‌കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മണര്‍കാട് എല്‍പി സ്‌കൂളിലുമാണ് വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് മണ്ഡലത്തിന് പുറത്താണ് വോട്ട്.





