|
കൊച്ചി: ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് ക്രൂരപീഡനം. ചാത്തന് പുറത്ത് എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ വിവസ്ത്രയായി പാടത്തു നിന്നാണ് കണ്ടെത്തിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്.
നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില ഏറെക്കുറെ തൃപ്തികരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ആലുവയില്‍ കഴിഞ്ഞ ജൂലൈ 28ന് മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് വീണ്ടുമൊരു പീഡനം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.





