29
Sep 2023
Fri
29 Sep 2023 Fri

ഹരിയാനയില്‍ വീട്ടിനുള്ളില്‍ 3 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; കൃത്യം ഭര്‍ത്താക്കന്മാരെയും കുട്ടികളെയും ബന്ദികളാക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചണ്ഡീഗഡ്: ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. പാനിപ്പത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളെ കെട്ടിയിട്ടു. തുടര്‍ന്ന് മൂന്ന് സ്ത്രീകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു ലൈംഗികാതിക്രമം. പ്രതികള്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതായും പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രി വൈകി നടന്ന സംഭവം ഇന്നലെയാണ് പുറത്തായത്. ആയുധങ്ങളുമായെത്തിയാണ് നാലംഗ സംഘം സ്ത്രീകളെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 24, 25, 35 വയസ്സുള്ള സ്ത്രീകളെയാണ് അവരുടെ ഭര്‍ത്താക്കന്‍മാരുടെയും മക്കളുടെയും മുന്നില്‍വച്ച് പീഡിപ്പിച്ചത്.

പാതിരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി അക്രമികള്‍, സ്ത്രീകളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്നായിരുന്നു പീഡനം. ഇതിനു ശേഷം വീട്ടില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ മോഷ്ടിച്ചാണ് സംഘം രക്ഷപ്പെട്ടത്.

സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ച് മറ്റൊരു സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവിനെ കൊള്ളയടിച്ചതായും പൊലീസ് പറയുന്നു. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

മുന്‍വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. ഒരു മാസം മുന്‍പ് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ തന്നെയാകാം ആക്രമണത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ഇതേ സംഘം സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു. ഇരു സംഭവങ്ങളിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.