സ്‌റ്റോപ്പില്‍ നിര്‍ത്തിയ കെസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ ഓടിയെത്തിയ വീട്ടമ്മ റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത അതേ ബസ്സിന്റെ അടിയില്‍പെട്ടു മരിച്ചു. കോട്ടയം കുറുപ്പന്തറ കാഞ്ഞിരന്താനം ജങ്ഷനില്‍ വെള്ളി വൈകീട്ട് 3.30നാണ് അപകടം. കാഞ്ഞിരന്താനം കിഴക്കേ ഞാറക്കാട്ടില്‍ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ്(52)ആണ് മരിച്ചത്. അപകടസമയം ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. തോമസ് ചാക്കോയുടെ കണ്‍മുന്നിലാണ് ജോസി തോമസിന് ദാരുണ മരണം സംഭവിച്ചത്.
|
കുറുപ്പന്തറയിലേക്ക് പോവുന്നതിനായി ഇരുവരും കാഞ്ഞിരന്താനം സ്‌റ്റോപ്പില്‍ എത്തിയത്. തോമസ് ബസ് കാത്തു നില്‍ക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ജോസി എതിര്‍വശത്ത് പരിചയക്കാരുമായി സംസാരിച്ചുനില്‍ക്കുകയായിരുന്നു. ഈ സമയം വൈക്കം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ എത്തുകയും തോമസ് കൈ കാണിക്കുകയും ചെയ്തു. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ആണെന്ന് മനസ്സിലായതോടെ തോമസ് ബസ്സില്‍ കയറിയില്ല.
ഇതോടെ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുകയും ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ചെയ്തു. ഈ സമയമായിരുന്നു ബസ് നിര്‍ത്തിയത് കണ്ട് ജോസി ബസിന്റെ മുന്നിലൂടെ റോഡ് ക്രോസ് ചെയ്‌തെത്തിയത്. ഇത് ഡ്രൈവര്‍ കണ്ടിരുന്നില്ല. മുന്നോട്ടെടുത്ത ബസ് തട്ടി നിലത്തുവീണ ജോസിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയും ചെയ്തു. ഉടന്‍ തന്നെ നാട്ടുകാര്‍ ജോസിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞിരന്താനം സെന്റ് ജോണ്‍സ് സ്‌കൂളിലെ ജീവനക്കാരിയായിരുന്നു മരിച്ച ജോസി. മകന്‍: അഖില്‍ തോമസ്. മരുമകള്‍: അനു പോള്‍.





