|
ചണ്ഡിഗഡ്: പഞ്ചാബില്‍ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊന്നു. സംഭവത്തില്‍ പ്രധാനപ്രതിയെ കബഡി താരത്തിന്റെ പിതാവ് തിരിച്ചറിഞ്ഞുവെങ്കിലും അക്രമികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ടത് ഹര്‍ദീപ് സിങ് എന്ന യുവാവാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇയാളും പ്രദേശവാസിയായ ഹര്‍പ്രീത് സിങ്ങും തമ്മില്‍ ഏറെ നാളായി തര്‍ക്കം നടക്കുകയായിരുന്നു. ഇരുവര്‍ക്കും എതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിനെ പേടിച്ചു ഹര്‍ദീപ് സിങ് വീട്ടില്‍ താമസിച്ചിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
രാത്രി പത്തരയോടെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് ടെറസിലൂടെ നോക്കുകയായിരുന്നു. അപ്പോള്‍ കണ്ടത് അഞ്ചുപേരടങ്ങുന്ന ഹര്‍പ്രീത് സിങ്ങും അനുയായികളും ആയിരുന്നുവെന്നും നിങ്ങളുടെ മകന്‍ കൊല്ലപ്പെട്ടുവെന്ന് അവര്‍ വിളിച്ചുപറഞ്ഞുവെന്നും തുടര്‍ന്ന് വാതില്‍ തുറന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്ന് ഹര്‍ദീപ് സിങ്ങിന്റെ പിതാവ് പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.
ഹര്‍പ്രീതും സംഘവും തന്നെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുന്‍പ് ഹര്‍ദീപ് പറഞ്ഞതായി പിതാവ് പോലീസിന് മൊഴി നല്‍കി. അക്രമത്തില്‍ പരിക്കേറ്റ ഹര്‍ദീപിനെ ഉടന്‍തന്നെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





