ഒറ്റ തെരഞ്ഞെടുപ്പ് 2029ല്‍ നടത്താന്‍ ആലോചന; നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍
|
ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതി അടുത്ത പൊതുതെരഞ്ഞെടുപ്പിലുണ്ടാകില്ലെന്ന് സൂചന. ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി 2029 ല്‍ നടന്നേക്കുമെന്നും ഇതേകുറിച്ചുള്ള നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മീഷന്‍ ഒറ്റ തെരഞ്ഞെടുപ്പിന് അനുകൂലമാണെന്നാണ് സൂചന. വിഷയത്തില്‍ ജസ്റ്റിസ് അവസ്തി കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, തെരഞ്ഞെടുപ്പ് വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ സമവായമില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കും. 2029 ല്‍ ഇതനുസരിച്ച് വോട്ടെടുപ്പ് നടക്കുമെന്നും നിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിന്, ഈ വര്‍ഷം മുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനാല്‍ 2024ല്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
2018ല്‍ സമര്‍പ്പിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുന്‍ നിയമ കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ നിന്നാണ് നിലവിലെ കമ്മീഷന്‍ മിക്ക ശുപാര്‍ശകളും തയ്യാറാക്കിയത്. എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താവുന്ന തരത്തില്‍ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയം നീട്ടിവെക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു മുന്‍ നിയമ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍.
റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്നും ജസ്റ്റിസ് അവസ്തി കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. അതിന് കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ പരിഗണനക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചേക്കും.
വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങള്‍ തേടാനും സമവായുമുണ്ടാക്കാനുമുള്ള നീക്കങ്ങളും ഉടനുണ്ടാകും. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ തദ്ദേശ തെരഞ്ഞെടുപ്പുകളും ഒന്നിച്ചുനടത്താന്‍ കഴിയുമോയെന്ന കാര്യവും സമിതി പരിശോധിക്കും. നിയമവശങ്ങള്‍ സംബന്ധിച്ച് നിയമ കമീഷനോടും അഭിപ്രായം തേടും.





