10
Sep 2023
Sat
10 Sep 2023 Sat

കലാപം തുടരുന്നു; മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടി രംഗത്ത്; ബിരേണ്‍ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജെ.പി നഡ്ഡക്ക് കത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ലാത്ത മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗിനെതിരെ തിരിഞ്ഞ് സംസ്ഥാന ബിജെപി നേതൃത്വം. സര്‍ക്കാരില്‍ അതൃപ്തി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷ അടക്കം എട്ട് നേതാക്കള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമര്‍ശനം.

ബീരേന്‍ സിംഗ് സര്‍ക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാണ്. അഭയാര്‍ഥികള്‍ക്ക് പുനരധിവാസം ഉടന്‍ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന അഭ്യര്‍ഥനയും നേതാക്കള്‍ കത്തിലൂടെ നദ്ദയെ അറിയിച്ചു.

ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ പ്രതിസന്ധികള്‍ കാര്യങ്ങള്‍ വഷളാക്കുന്ന സാഹചര്യമാണ് മണിപ്പൂരിലേത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന നേതാക്കള്‍ക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സുരക്ഷാ സേനകള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകള്‍ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേല്‍ക്കൈ നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണം.

ഗവര്‍ണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ സമാധന യോഗങ്ങള്‍ ചേരുന്നില്ല. തുടര്‍ നടപടികളും ഉണ്ടാകുന്നില്ല. പാലയനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവര്‍ക്ക് നഷ്ടപ്പെട്ട വീടുകള്‍ ഉള്‍പ്പെടെയുള്ളവ പുനര്‍ നിര്‍മിച്ചു നല്‍കുന്നതിനും അടിയന്തര ഇടപെടല്‍ ഉണ്ടാകണം.

ദേശീയ പാതകളില്‍ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ എടുത്തു പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ട പരിഹാരം നല്‍കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു.

ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും ഒരേസമയം ആക്രമിക്കാന്‍ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതായി നേതാക്കള്‍ തുറന്നടിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക