10
Oct 2023
Wed
10 Oct 2023 Wed

സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി, 50 ശതമാനം വരെ വര്‍ധന

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: സൗദിയില്‍ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് സാധുത ക്യാമറകള്‍ വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കുന്ന സംവിധാനം വന്നതിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിച്ചു.  ഈ മാസം ഒന്നു മുതല്‍ പുതിയ സംവിധാനം നടപ്പാക്കി തുടങ്ങി. ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിയില്‍ വാഹനാപകട മരണ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് നിരക്കുകള്‍ കമ്പനികള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ ഇനത്തിനും മോഡലിനും ഉടമ താമസിക്കുന്ന നഗരത്തിനും അനുസരിച്ച് 900 റിയാല്‍ മുതല്‍ 2,500 റിയാല്‍ വരെയാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍.

ദേശീയദിനം പ്രമാണിച്ച് രണ്ടു കമ്പനികള്‍ 750 റിയാല്‍ മുതല്‍ 800 റിയാല്‍ വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. സമഗ്ര ഇന്‍ഷുറന്‍സ് പോളിസി നിരക്ക് ആയി 2,000 റിയാല്‍ മുതല്‍ 4,500 റിയാല്‍ വരെയാണ് ഒരു വര്‍ഷത്തേക്ക് കമ്പനികള്‍ ഈടാക്കുന്നത്. മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളും തേഡ് പാര്‍ട്ടി, സമഗ്ര ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

30 വയസില്‍ കുറവ് പ്രായമുള്ളവരുടെ പേരിലുള്ള വാഹനങ്ങള്‍ക്കുള്ള പോളിസി നിരക്കുകളാണ് കമ്പനികള്‍ ഏറ്റവുമധികം ഉയര്‍ത്തിയിരിക്കുന്നത്. വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചതും സ്‌പെയര്‍ പാര്‍ട്‌സിന്റെ വിലക്കയറ്റവും കാരണം ഇന്‍ഷുറന്‍സ് നിരക്കുകള്‍ പഴയപടിയിലേക്ക് കുറയാന്‍ സാധ്യത കുറവാണെന്ന് ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

സൗദിയിലെ എല്ലാ പ്രവിശ്യകളിലും പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ വീതം കാലാവധിയുള്ള ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന രീതി ഈ മാസം ഒന്നു മുതല്‍ നിലവില്‍വന്നിട്ടുണ്ട്.

സൗദിയില്‍ കഴിഞ്ഞയാഴ്ച മുതലാണ് വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് സാധുത ക്യാമറകള്‍ വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കുന്നത് തുടങ്ങിയത്. നിയമലംഘനങ്ങള്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. ഓരോ 15 ദിവസത്തിലും ഇന്‍ഷൂറന്‍സ് നിയമലംഘനം നിരീക്ഷിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതിനായി പ്രത്യേക ക്യാമറകള്‍ രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകള്‍ വഴിയുള്ള ഓട്ടോമാറ്റിക്ക് നിരീക്ഷണത്തില്‍ എല്ലാ വിഭാഗം വാഹനങ്ങളും ഉള്‍പ്പെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക