കൊട്ടിയം (കൊല്ലം): കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം വെളിനല്ലൂര്‍ സ്വദേശിയായ ഓയൂര്‍ റാഷിന മന്‍സിലിന്‍ റാഷിദ് (33) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി തന്നെ പൊലീസ് റാഷിദിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച റാഷിദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കേസിന്റെ അന്വേഷണം പൊലീസ് തുടങ്ങിയത് 2 ദിവസം വൈകിയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
|
കൊട്ടിയം ജംങ്ഷനിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന 85 വയസ്സുള്ള വയോധിക കഴിഞ്ഞ വെള്ളി പുലര്‍ച്ചെ ഒന്നിനാണ് ആക്രമിക്കപ്പെട്ടത്. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച താടിയുളള ആള്‍ വയോധികയെ ആക്രമിക്കുന്നതും പിന്നീട് എടുത്തു കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറയില്‍ നിന്ന് ഇന്നലെ ലഭിച്ചു.
കടന്നു പിടിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ കൈവീശി 3 തവണ മുഖത്ത് അടിക്കുന്നതും അടികൊണ്ട് വയോധിക വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. അവശയായി കിടന്ന ഇവരെ എടുത്ത് അക്രമി ഇരുട്ടിലേക്ക് മറയുന്നതും കാണാം. മണിക്കൂറുകള്‍ക്കു ശേഷം പുലര്‍ച്ചെ ഒരു കിലോമീറ്റര്‍ അകലെയുള്ള സിതാര ജംക്ഷന് സമീപത്താണ് അര്‍ധനഗ്‌നയായി തലയ്ക്ക് മുറിവേറ്റ നിലയില്‍ വയോധികയെ നാട്ടുകാര്‍ കണ്ടത്. സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനും ഒാട്ടോറിക്ഷ ഡ്രൈവറുമാണ് വയോധികയെ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വയോധികയുടെ മകള്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.





