ഫോര്‍മാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്; ബോംബ് നിര്‍മിച്ചത് തമ്മനത്തെ വീട്ടില്‍
|
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.
ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ തൃശ്ശൂരിലേക്ക് പോയെന്നും മാര്‍ട്ടിന്റെ മൊഴിയില്‍ പറയുന്നു. സ്‌ഫോടനത്തിനായി വീര്യമേറിയ കരിമരുന്നാണ് ഉപയോഗിച്ചത്. ബോംബ് പൊട്ടിയാല്‍ ആളിപ്പടരുന്നതിനായി പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചു. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു.
ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. കസുമായി ബന്ധപ്പെട്ട് 45 പേരെയാണ് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്.
സമൂഹ മാധ്യമങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്‌ഫോടന ദൃശ്യങ്ങള്‍ പിന്‍നിരയിലിരുന്ന് മൊബൈലില്‍ ചിത്രീകരിച്ചെന്നും ഇയാള്‍ പറയുന്നു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകള്‍. ബൈക്കിലായിരുന്നു യാത്ര. കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





