തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും CAA പൊടിതട്ടിയെടുത്ത് ബി.ജെ.പി; പൗരത്വനിയമം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി
|
കൊല്‍ക്കത്ത: വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ വിവാദമായ പൗരത്വനിയമ ഭേദഗതി (സി.എ.എ) വീണ്ടും പൊടിതട്ടിയെടുത്ത് ബി.ജെ.പി രംഗത്ത്. രാജ്യത്ത് പൗരത്വ നിയമഭേദഗതിയുടെ അന്തിമ കരട് അടുത്ത വര്‍ഷം മാര്‍ച്ച് ഒടുക്കത്തോടെ പൂര്‍ത്തിയാകുമെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വച്ച് മതുവ സമുദായത്തെ അഭിസംബോധന ചെയ്യവെയാണ് യുപിയിലെ ബിജെപി എംപി കൂടിയായ മിശ്ര ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത മതുവ വിഭാഗത്തില്‍ നിന്നും പൗരത്വ അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സിഎഎ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഊര്‍ജം കൈവരിച്ചു. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയാണ്. മതുവ വിഭാഗത്തില്‍ നിന്നുമുള്ള പൗരത്വത്തിനായുള്ള അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ സാധിക്കില്ല. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ പൗരത്വ നിയമ ഭേദഗതിയുടെ അന്തിമ കരട് തയ്യാറാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ബിജെപിക്ക് സിഎഎയുടെ കാര്യവും മതുവായേക്കുറിച്ചും ഓര്‍മവരികയൊള്ളുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ ശാന്തനു സെന്‍ പ്രതികരിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ അമുസ്ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ സൗകര്യമൊരുക്കുന്ന സംവിധാനമാണ് സി.എ.എ.





