27
Nov 2023
Wed
27 Nov 2023 Wed

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള കുണ്ടറ സ്വദേശി ഷാജഹാന്റെ വീട് അജ്ഞാതർ അടിച്ചു തകർത്തു. പ്രതിയെ തിരിച്ചറിഞ്ഞെന്നും പിടിയിലായെന്നും വ്യാജ വാർത്ത പ്രചരിച്ചതോടെയാണ് ഇന്നലെ രാത്രി ഒരു സംഘമാളുകൾ ഷാജഹാന്റെ വീട് ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറു വയസുകാരിയെ തിരിച്ചുകിട്ടിയതിന് പിന്നാലെയാണ് ഷാജഹാന്റെ ഫോട്ടോ വച്ച് വ്യാജ വാർത്തയും കുപ്രചരണവും ഉണ്ടായത്. അമൃത ന്യൂസായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞെന്നും പേര് ജിം ഷാജഹാൻ എന്നാണെന്നും ഇയാൾ പിടിയിലായെന്ന് സൂചന എന്നും ആദ്യമായി വ്യാജവാർത്ത നൽകിയത്. ഇതേറ്റു പിടിച്ച് കാസയുൾപ്പെടെയുള്ള തീവ്ര ക്രിസ്ത്യൻ സംഘടനകളും വിവിധ തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളും സോഷ്യൽമീഡിയയിലൂടെ വ്യാപകമായി വ്യാജ പ്രചരണം നടത്തി. കൂടാതെ, മറ്റു ചില ഓൺലൈൻ മാധ്യമങ്ങളും വ്യാജ വാർത്ത നൽകി.

പക്ഷെ പൊലീസ് ഇക്കാര്യം ഒരു ഘട്ടത്തിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വ്യാജ പ്രചരണത്തിന് പിന്നാലെ ഇതേറ്റുപിടിച്ചിച്ചെത്തിയ ചിലർ ഷാജഹാന്റെ കല്ലമ്പലത്തെ വീടാക്രമിക്കുകയായിരുന്നു. വീട്ടിലെ ജനലുകളും വാതിലുകളും അക്രമികൾ അടിച്ചുതകർത്തു. തുടർന്ന് ഇന്ന് രാവിലെ ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും ഷാജഹാൻ പൊലീസിന് മൊഴി നൽകി.

കേസിൽ പങ്കില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം മുഴുവൻ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നുവെന്നും ഷാജഹാൻ അറിയിച്ചു. മരുമകന് അപകടം സംഭവിച്ചതിനാൽ ആശുപത്രിയിലായിരുന്നെന്നും ഷാജഹാൻ പൊലീസിനെ അറിയിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഷാജഹാൻ അവിടെ ഉണ്ടായിരുന്നെന്ന് പൊലീസിന് വ്യക്തമാവുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

മൊഴി രേഖപ്പടുത്തിയ പൊലീസ് ഷാജഹാനെ തിരിച്ചയയ്ക്കുകയും ചെയ്തു. മുമ്പ് ചില കേസുകളിൽ ഇയാൾ പ്രതിയായിരുന്നെങ്കിലും ‌നിലവിൽ ഈ കേസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവുമില്ല. എന്നാൽ വ്യാജ വാർത്ത തിരുത്താനോ ഒഴിവാക്കാനോ ഇതുവരെ അമൃത ന്യൂസ് തയാറായിട്ടില്ല.

അതേസമയം, തന്റെ വീടാക്രമിച്ചത് ആർഎസുഎസുകാരാണെന്ന് ഷാജഹാൻ പറയുന്നു. ‘താനിവിടെ ഉണ്ടായിരുന്നെങ്കിൽ തന്നെ കൊന്നേനെ. തന്റെ കുടുംബവും കഷ്ടത്തിലാണ്. എന്റെ ബന്ധുക്കളും സമൂഹവും വരെ എന്നെ വെറുത്തു. നാട്ടുകാർ ഓരോന്ന് പറയുന്നതു കാരണം പുറത്തിറങ്ങാനാവുന്നില്ല. ഞാനൊരു മുസ്‌ലിമായതിന്റെ പേരിൽ വർ​ഗീയവാദികൾ ചെയ്തതാണിത്. കിളിരൂർ സ്റ്റേഷനിൽ നിന്നാണ് ഫോട്ടോ പുറത്തുപോയത്. അതിനു പിന്നിലാരാണെന്നും അറിയണം’.

‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആകെയുള്ള കൂരയാണ് അവർ തകർത്തത്. അമൃത ടിവിയാണ് ഫോട്ടോയും പേരും വച്ച് വ്യാജ വാർത്ത നൽകിയത്. കാര്യമറിയാതെ ആരും ആരെയും ഇതുപോലെ ഉപദ്രവിക്കരുത്’- ഷാജഹാൻ പറയുന്നു. തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയവർക്കെതിരെ നടപടിയുണ്ടാവണമെന്നും ചാനലിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഷാജഹാൻ വ്യക്തമാക്കി. എന്നാൽ ഷാജഹാന്റെ വീടാക്രമിച്ച സംഭവത്തിൽ കേസെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.