അല്‍ ജസീറ റിപ്പോര്‍ട്ടറുടെ 22 അംഗ കുടുംബത്തെ ഇസ്രായേല്‍ ബോംബിട്ട് കൂട്ടക്കൊലചെയ്തു
|
ഗസ്സ: ഫലസ്തീനിലെ അധിനിവേശം പുറംലോകത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ടറുടെ 22 അംഗ കുടുംബത്തെ ഇസ്രായേല്‍ ബോംബിട്ട് കൂട്ടക്കൊലചെയ്തു. അല്‍ ജസീറ അറബിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുഅ്മിന്‍ അല്‍ ഷറഫിയുടെ 22 അംഗ കുടുംബത്തെയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന് മേല്‍ ഇസ്രായേല്‍ സൈന്യം ബോംബിടുകയായിരുന്നു.
മുഅ്മിന്‍ അല്‍ ഷറഫിയുടെ പിതാവ് മഹ്മൂദ്, മാതാവ് ആമിന, സഹോദരങ്ങള്‍, മരുമക്കള്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ സ്ഥാനത്ത് കൂറ്റന്‍ ഗര്‍ത്തമാണ് അവശേഷിക്കുന്നത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ പുറത്തുവിട്ടു. മൃതദേഹങ്ങള്‍ക്ക് അടുത്തെത്താന്‍ സിവില്‍ ഡിഫന്‍സിന് കഴിയാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവര്‍ക്ക് വിടനല്‍കാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും അല്‍ഷറഫി പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തെ അല്‍ ജസീറ അപലപിച്ചു. കുറ്റവാളികളെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരേയും പോകുമെന്ന് അല്‍ ജസീറ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 25ന് അല്‍ ജസീറ അറബിക് ചീഫ് റിപ്പോര്‍ട്ടര്‍ വാഇല്‍ അല്‍ദഹ്ദൂഹിന്റെ കുടുംബത്തെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു.
അതേസമയം, ഖാന്‍ യൂനുസ്, ജബലിയ, ശുജാഇയ പ്രദേശങ്ങളില്‍ കരയുദ്ധം കൂടുതല്‍ രൂക്ഷമാണ്. നിരവധി കവചിത വാഹനങ്ങള്‍ പ്രദേശത്ത് തമ്പടിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. വ്യോമാക്രമണവും ഷെല്ലാക്രമണവും വ്യാപകമായിരിക്കുകയാണ്. ഹമാസ് ഗസ്സയില്‍ തിരിച്ചടിയും നല്‍കുന്നുണ്ട്. ഉന്നത സൈനിക മേധാവി ഉള്‍പ്പെടെ 10 ഇസ്രായേല്‍ സൈനികരെ ഹമാസ് വധിച്ചു.


